ഇന്നസെന്റ് അന്തരിച്ചു …

ഇന്നസെന്റ് അന്തരിച്ചു …

ഇരിങ്ങാലക്കുട : ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ധന്യമാക്കിയ ഇന്നസെന്റ് വിട വാങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് മൂന്നിനാണ് എറണാകുളത്തെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. കൊച്ചിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന് പുറമേ സർക്കാർ നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘവും പരിശോധിച്ചിരുന്നു. ആരോഗ്യ നില അതീവ ഗുരതരമായി തുടരുകയാണെന്ന് കഴിഞ്ഞ ദിവസം വൈകീട്ടും ഇന്നുമായി ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

കലയുടെ കൊടുമുടികൾ കീഴടക്കിയ ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട നടൻ . തെക്കേത്തല വറീതിന്റെയും മാർഗരറ്റിന്റെയും മകനായി 1945 – ൽ ഇരിങ്ങാലക്കുടയിൽ ജനിച്ചു. ഇരിങ്ങാലക്കുടയിലെ പ്രമുഖ സ്കൂളുകളിൽ വിദ്യാഭ്യാസം. നാട്ടിൽ നാടക രംഗത്തും രാഷ്ട്രീയ പ്രവർത്തനങ്ങളിലും കച്ചവട രംഗത്തും സജീവമായിരുന്നു. തുടർന്ന് ഉർവശി ഭാരതി , നെല്ല്, തോമാശ്ലീഹാ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇരിങ്ങാലക്കുട നഗരസഭാംഗമായും പ്രവർത്തിച്ചു. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാള ചലച്ചിത്ര രംഗത്തെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ ഇന്നസെന്റ് മികച്ച വാഗ്മിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും പ്രാഗൽഭ്യം തെളിയിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതിനിധിയായി ചാലക്കുടി മണ്ഡലത്തിൽ നിന്നും വിജയിച്ചു. എൺപതുകളുടെ തുടക്കത്തിൽ പ്രദർശനത്തിനെത്തിയ മോഹൻ സംവിധാനം ചെയ്ത വിട പറയും മുമ്പേ, ഇളക്കങ്ങൾ എന്നീ ചിത്രങ്ങളിലൂടെയാണ് ഇന്നസെന്റ് നിർമ്മാതാവായും അഭിനേതാവായും മലയാള സിനിമയിലേക്കുള്ള വരവറിയിച്ചത്. എൺപതുകളുടെ മധ്യത്തോടെ മലയാളത്തിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായി മാറിയ ഇന്നസെന്റ് 1989 ൽ പുറത്തിറങ്ങിയ സിദിഖ്-ലാൽ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ഏറ്റവും ജനപ്രീതിയുള്ള സ്വഭാവനടൻമാരിൽ ഒരാളായി മാറി. അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ സിനിമാ സംഘടനയായ അമ്മയുടെ സാരഥിയെന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. ചിരിക്ക് പിന്നിൽ, ക്യാൻസർ വാർഡിലെ ചിരി തുടങ്ങിയ പുസ്തകങ്ങൾ രചിച്ച് കൊണ്ട് സാഹിത്യ രംഗത്തും ശ്രദ്ധേയനായി. മഴവിൽക്കാവടി, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

Please follow and like us: