വികസനത്തിന്റെ വഴികളിലൂടെ ആളൂർ പഞ്ചായത്ത്;കാരൂർ, കാവാലംകുഴിപ്പാടം, എരണപ്പാടം റോഡുകളുടെ നിർമ്മാണം പൂർത്തിയായി….
ഇരിങ്ങാലക്കുട : ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ മുഴുവൻ റോഡുകളും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്ററുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആളൂർ ഗ്രാമ പഞ്ചായത്തിൽ പണി തീർത്ത കാരൂർ, എരണപ്പാടം, കാവാലം കുഴിപ്പാടം റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ്, കമ്മ്യൂണിറ്റി ഹാളിന്റെ ആധുനികവത്കരണം എന്നിവക്ക് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്ന് നൽകുമെന്നും മന്ത്രി പറഞ്ഞു.
മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 9.4 ലക്ഷം രൂപ ചെലവിലാണ് പതിനൊന്നാം വാർഡിലെ കാരൂർ പ്രിൻസ് പുതിയേടം ക്ഷേത്ര റോഡ് 260 മീറ്റർ ടാർ ചെയ്ത് നവീകരിച്ചത്. പതിനഞ്ചാം വാർഡിലെ കാവാലംകുഴിപ്പാടം റോഡ് 150 മീറ്റർ 7.15 ലക്ഷം രൂപക്ക് നവീകരിച്ചു. പതിനഞ്ചാം വാർഡിൽ എരണപ്പാടം റോഡ് 6 ലക്ഷം രൂപ ചെലവിലും നവീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ അറിയിച്ചു.
മൂന്നിടത്തായി നടന്ന ചടങ്ങുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ, മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികൾ ആയി. ചടങ്ങുകളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ഷൈനി തിലകൻ, ജനപ്രതിനിധികളായ ജിഷ ബാബു, ഓമന ജോർജ്, മേരി ഐസക്ക്, ഷൈനി വർഗീസ്, നിക്സൺ, എ കെ ഷിബു, കെ വി രാജു, തുടങ്ങിയവർ പങ്കെടുത്തു.