ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള തളിയക്കോണം സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി; ഒരു കോടി രൂപ ചിലവഴിച്ചുള്ള പ്രവ്യത്തികൾ ആറ് മാസത്തിൽ പൂർത്തീകരിക്കും; എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ ഉണ്ടാകണമെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്ന് മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തളിയക്കോണത്തുള്ള സ്റ്റേഡിയത്തിന്റെ നവീകരണ പ്രവ്യത്തികൾക്ക് തുടക്കമാകുന്നു. മുൻ എം എൽ എ പ്രൊഫ. കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയാണ് സ്റ്റേഡിയ നവീകരണ പ്രവൃത്തികൾക്കായി വിനിയോഗിക്കുക. ഫുട്ബോൾ ഉൾപ്പെടെയുളള കളികൾക്കായുള്ള മഡ് കോർട്ട് നിർമ്മാണം, മൈതാനം നിരപ്പാക്കൽ ,സംരക്ഷണഭിത്തി നിർമ്മാണം, വൈദ്യുതീകരണം എന്നീ പ്രവ്യത്തികളാണ് നവീകരണത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിലിന്റെ നേത്യത്വത്തിൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നത്. കോഴിക്കോട് സ്വദേശിയായ മനീഷാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തിൽ ഉടനീളം പ്രാദേശിക സ്റ്റേഡിയങ്ങളുടെയും സർവകലാശാലകളോട് ചേർന്നുള്ള സ്റ്റേഡിയങ്ങളുടെയും നവീകരണ പ്രവ്യത്തികൾ നടന്നു വരികയാണെന്ന് നവീകരണോദ്ഘാടനം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കളി സ്ഥലങ്ങൾ ഉണ്ടാകണമെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.. മുൻ എം എൽ എ പ്രൊഫ. കെ യു അരുണൻ മുഖ്യാതിഥി ആയിരുന്നു. നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ , സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർ പി ടി ജോർജ്ജ്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് കെ എം എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ ടി കെ ഷാജുട്ടൻ സ്വാഗതവും മുനിസിപ്പൽ സൂപ്രണ്ട് ദിലേഷ് പൊന്നമ്പി നന്ദിയും പറഞ്ഞു.