മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നു …
ഇരിങ്ങാലക്കുട : ശിലാസ്ഥാപനം നടത്തി വർഷങ്ങൾ പിന്നിടുകയും ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും കാലത്ത് ആരോഗ്യ മേഖലക്ക് ഭരണകൂടങ്ങൾ കൂടുതൽ പ്രാധാന്യം നൽകുമ്പോഴാണ് നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ എഴ് വാർഡുകളിലെ കുട്ടികൾക്കും വയോജനങ്ങൾക്കും ആശ്രയമായി തീരേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നത്. നഗരസഭയുടെ വാർഡ് ഒന്നിലുള്ള കുടുംബക്ഷേമ
ഉപകേന്ദ്രത്തിന്റെ വർഷങ്ങളായുള്ള കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2020 സെപ്റ്റംബർ 6 ന് ടി എൻ പ്രതാപൻ എം പി യാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 17 ലക്ഷം ചിലവഴിച്ച് 720 ചതുരശ്ര അടിയിൽ ഉള്ള കെട്ടിടത്തിന്റെ നിർമ്മാണമാണ് ആരംഭിച്ചത്. തുടർന്ന് 2022-23 വർഷത്തിൽ ടൈലുകൾക്കും ഗേറ്റിനുമായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. രണ്ട് മുറികൾ, ഒരു സ്റ്റോർ മുറി, മൂന്ന് ടോയ്ലറ്റുകൾ, അടുക്കള എന്നിവ ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ നിർമ്മാണമാണ് മൂന്ന് വർഷങ്ങൾ കൊണ്ട് പൂർത്തീകരിച്ചിരിക്കുന്നത്. എന്നാൽ വൈദ്യുതീകരണ പ്രവൃത്തികൾ ഒന്നും പൂർത്തീകരിച്ചിട്ടില്ല. 2023 – 24 വർഷത്തിൽ ആരോഗ്യ കേന്ദ്രത്തിന്റെ വൈദ്യുതീകരണത്തിനും യാർഡിനും ഷീറ്റിടാനുമായി ഇപ്പോൾ 12 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. മൂർക്കനാട് ശിവക്ഷേത്രത്തിന്റെ അടുത്തുള്ള അംഗൻവാടിയിലെ ചെറിയ മുറി കേന്ദ്രീകരിച്ചാണ് ആരോഗ്യ കുടുംബക്ഷേമകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും ആശാ പ്രവർത്തകരുടെയും നേത്യത്വത്തിൽ താത്കാലികമായി നടത്തുന്നത്. കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങൾ നടത്തുന്ന നഗരസഭ ഭരണാധികാരികൾ , ഇഴഞ്ഞ് നീങ്ങുന്ന ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് പൊറത്തിശ്ശേരി പ്രദേശത്ത് നിന്ന് ഉയരുന്നത്.