ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം; വിമർശനങ്ങളുമായി പ്രതിപക്ഷം ; പുതിയ അംഗങ്ങളെ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ച് എൽഡിഎഫ് അംഗങ്ങൾ …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം. ആകെ 25 കോടി 30 ലക്ഷം രൂപയുടെ പദ്ധതികളാണ് യോഗം അംഗീകരിച്ചത്. പിഎംഎവൈ – ലൈഫ് പദ്ധതിക്ക് ഒരു കോടി അറുപത്തിയഞ്ച് ലക്ഷവും കാർഷിക മേഖലക്ക് 65 ലക്ഷവും ശിശുക്കൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 35 ലക്ഷവും വയോജനങ്ങളുടെ ക്ഷേമത്തിന് 35 ലക്ഷവും സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും 68 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. പൊതുമരാമത്ത് റോഡുകൾക്ക് 8 കോടിയും ശുചിത്വ – മാലിന്യ സംസ്കരണത്തിനും ജല വിതരണത്തിനും 2 കോടി 75 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
എന്നാൽ പദ്ധതി അംഗീകരിക്കാൻ പറ്റില്ലെന്നും ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിലേക്കാണ് കൂടുതൽ തുക വകയിരുത്തിയിരിക്കുന്നതെന്നും ഡിപിസി ക്ക് പരാതി നൽകുമെന്നും കേന്ദ്രാവിഷ്ക്യത ഫണ്ട് തോന്നിയ പോലെ ചിലവഴിക്കുകയാണെന്നും ടൈഡ് ഫണ്ടിന്റെ കാര്യം ആരും മുൻകൂട്ടി അറിഞ്ഞിട്ടില്ലെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ വിമർശിച്ചു. ഏതാനും വാർഡുകളിലേക്ക് ഒരു കോടിയോളം രൂപ കേന്ദ്രീകരിക്കുകയാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയും കുറ്റപ്പെടുത്തി. ഇക്കാര്യം ബന്ധപ്പെട്ട കമ്മിറ്റികൾ ചർച്ച ചെയ്തതാണെന്നും വ്യക്തിപരമായ താൽപര്യങ്ങൾ ഇക്കാര്യത്തിൽ ഇല്ലെന്നും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ വിശദീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്കാണ് കൂടുതൽ തുക വകയിരുത്തിയിരിക്കുന്നതെന്നും ബിജെപി അംഗം സത്യങ്ങൾ മറച്ച് വയ്ക്കുകയാണെന്നും വൈസ്- ചെയർമാൻ ടി വി ചാർലിയും വ്യക്തമാക്കി. എന്നാൽ ഭരണകക്ഷി അംഗങ്ങളുടെ വിശദീകരണത്തിൽ എൽഡിഎഫിലെ നവാഗത അംഗങ്ങളായ കെ പ്രവീൺ, ടി കെ ജയാനന്ദൻ എന്നിവർ തൃപ്തരായില്ല. പുതിയ അംഗങ്ങളെ വഞ്ചിക്കുകയാണെന്നും സുതാര്യമായല്ല കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും 13 ലക്ഷത്തിന്റെ കാര്യം മാത്രമേ തങ്ങളോട് പറഞ്ഞിരുന്നുള്ളുവെന്നും ഇരുവരും തുറന്നടിച്ചു. ടൈഡ് ഫണ്ട് എന്ന പ്രയോഗം ആദ്യമായിട്ടാണ് കേൾക്കുന്നതെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്തും പറഞ്ഞു. കിഴക്കേ പുഞ്ചപ്പാടത്തിൽ മോട്ടോർ ഷെഡ്ഡിനായി മൂന്ന് ലക്ഷം രൂപ ഇത് വരെ അനുവദിച്ചിട്ടില്ലെന്നും കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് സിപിഐ അംഗം അൽഫോൺസ തോമസും പറഞ്ഞു.
അംഗങ്ങളായ എം ആർ ഷാജു, ടി കെ ഷാജു,നസ്സീമ കുഞ്ഞുമോൻ , അമ്പിളി ജയൻ , ബിജു പോൾ അക്കരക്കാരൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. യോഗത്തിൽ ചെയർ പേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.