താത്കാലിക നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം; പദ്ധതി നിർവ്വഹണത്തിലെ മെല്ലെപ്പോക്കിനെ ചൊല്ലി ബഹളം; ദേശീയ പതാകയെ അപമാനിച്ച ജീവനക്കാരന് താക്കീത് നല്കി തുടർ നടപടികളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം …
ഇരിങ്ങാലക്കുട: നികുതി പിരിവിനായി എൽഡി ക്ലാർക്ക് ഒഴിവിലേക്ക് നടത്തിയ താത്കാലിക നിയമനത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ വീണ്ടും വിമർശനം. ഒഴിവും നിയമനവും കൗൺസിൽ അറിഞ്ഞിട്ടില്ലെന്നും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ സപ്ലിമെന്ററി അജണ്ടയായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമനം നടന്ന രീതി സുതാര്യമല്ലെന്നും ഓംബുഡ്സ്മാനിൽ ചോദ്യം ചെയ്യുമെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ കണ്ടിൻജന്റ് ജീവനക്കാരെ ഇത്തരം ആവശ്യങ്ങൾക്കായി നിയോഗിക്കാമെന്നും നിയമനം ലഭിച്ച വ്യക്തിക്ക് തങ്ങൾ എതിരല്ലെന്നും താൻ മുൻകൂർ അനുമതി നൽകിയിട്ടില്ലെന്നാണ് ചെയർപേഴ്സൺ പറയുന്നതെങ്കിലും മിനിറ്റ്സിൽ അനുമതി നൽകിയെന്നാണ് വ്യക്തമാകുന്നതെന്നും അമിത ഇടപെടലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് അംഗം സി സി ഷിബിനും വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തിപരമായ താൽപ്പര്യങ്ങളും ഒളിച്ച് കളിയുമില്ലെന്നും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ബിജെപി യുടെ രണ്ടംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ബിജെപി അംഗം സ്മിത കൃഷ്ണകുമാറിനോട് ഉദ്യോഗാർത്ഥിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നും നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. കഴിഞ്ഞ രണ്ട് കൗൺസിലുകൾ വിഷയം ചർച്ച ചെയ്തതാണെന്നും പ്രാധാന്യം ഉളള വിഷയങ്ങളുടെ ചർച്ചയിലേക്ക്
കടക്കണമെന്നും ഭരണകക്ഷി അംഗം എം ആർ ഷാജു ആവശ്യപ്പെട്ടു.
നഗരസഭയുടെ പദ്ധതി നിർവഹണത്തെ ക്കുറിച്ചുള്ള ചർച്ച യോഗത്തിൽ ബഹളത്തിൽ കലാശിച്ചു. പദ്ധതി നിർവഹണം 55 ശതമാനം മാത്രമേ പിന്നിട്ടിട്ടുള്ളുവെന്നും ഇഴഞ്ഞ് നീങ്ങുകയാണെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ചൂണ്ടിക്കാട്ടി. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനം മന്ദഗതിയിൽ ആണെന്നും കോടികളുടെ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ പറഞ്ഞു. പദ്ധതി നിർവഹണത്തിലെ മെല്ലെപ്പോക്ക് രണ്ട് മാസം മുമ്പ് തന്നെ താൻ ചൂണ്ടിക്കാട്ടിയതാണെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിൽ ഭരണ നേത്യത്വം പരാജയപ്പെട്ടുവെന്നും പൊതുമരാമത്ത് കമ്മിറ്റിക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് സി സി ഷിബിൻ ചർച്ചക്കിടയിൽ പറഞ്ഞതാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചത്. സ്റ്റീറിംഗ് കമ്മിറ്റി ഇക്കാര്യം തുടർച്ചയായി വിലയിരുത്തിരുന്നുവെന്നും ഇതിന് രേഖകൾ ഉണ്ടെന്നും പ്രതിപക്ഷമെമ്പർ പുകമറ സൃഷ്ടിക്കുകയാണെന്നും ചെയർപേഴ്സൺ പറഞ്ഞു. എഞ്ചിനീയറിംഗ് വിഭാഗം ഇക്കാര്യത്തിൽ പ്രായോഗികമായ കാഴ്ചപ്പാട് സ്വീകരിക്കണമെന്ന് വൈസ്- ചെയർമാൻ ടി വി ചാർലി ആവശ്യപ്പെട്ടു. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്ന് ബിജെപി അംഗം ടി കെ ഷാജു ചർച്ചയിൽ ആവശ്യപ്പെട്ടു.
ദേശീയ പതാക തെറ്റായി കെട്ടിയ വിഷയത്തിൽ ഉത്തരവാദിയായ ജീവനക്കാരൻ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ താക്കീത് നൽകാനും ഇക്കാര്യം വിഷയത്തിൽ കേസ് എടുത്തിട്ടുള്ള പോലീസ് അധികാരികളെ അറിയിക്കാനും യോഗം തീരുമാനിച്ചു. തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും മാപ്പാക്കണമെന്നും തുടർനടപടികൾ ഒഴിവാക്കണമെന്നുമാണ് വിശദീകരണത്തിൽ ജീവനക്കാരൻ അപേക്ഷിച്ചിട്ടുള്ളത്.
നഗരസഭ പരിധിയിലെ 69 പൊതുടാപ്പുകൾ റദ്ദ് ചെയ്യാൻ യോഗം തീരുമാനിച്ചു. ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച് നീക്കേണ്ട കെട്ടിടമുറികളുടെ കാലപ്പഴക്കം നിർണ്ണയിച്ച് നൽകാൻ പൊതുമരാമത്ത് വകുപ്പിനോട് തന്നെ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.