പോലീസ് ചമഞ്ഞ് പണം തട്ടൽ ; ബസ്സ് ഡ്രൈവർമാരായ മൂന്ന് പേർ പിടിയിൽ; സംഘം തട്ടിയെടുത്തത് പത്ത് ലക്ഷത്തോളം രൂപ …

പോലീസ് ചമഞ്ഞ് പണം തട്ടൽ ; ബസ്സ് ഡ്രൈവർമാരായ മൂന്ന് പേർ പിടിയിൽ;
സംഘം തട്ടിയെടുത്തത് പത്ത് ലക്ഷത്തോളം രൂപ …

പുതുക്കാട് : ചൂതാട്ട സംഘത്തിന്റെ പക്കൽ നിന്നും പോലീസ് ചമഞ്ഞ് പത്ത് ലക്ഷത്തോളം രൂപ പിടിച്ചെടുത്ത് മുങ്ങിയ സംഘത്തിനെ തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ അതിസാഹസികമായി പിടികൂടി.

പൊന്നാനി പേരൂർസ്വദേശിയും തൃശൂർ പൂങ്കുന്നത്ത് വാടകക്ക് താമസിച്ചു വരുന്നയാളുമായ കണ്ടശ്ശാംകടവ് വീട്ടിൽ പ്രദീപ് (42 ), ചെറുതുരുത്തി ആറ്റൂർ സ്വദേശി ഓട്ടു പുരയ്ക്കൽ വീട്ടിൽ സുബൈർ (38 ), ആമ്പല്ലൂർ ആലങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് നാരായണൻ (37 )എന്നിവരാണ് പിടിയിലായത്. പിടിയിലായ മൂവരും ബസ് ഡ്രൈവർമാരാണ്.

കഴിഞ്ഞ ഏഴാം തീയതി പുതുക്കാട് പോലീസ് സ്റ്റേഷൻ ലിമിറ്റിലെ ആലങ്ങാട്ട് വച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം ,കാറിലെത്തിയ ഏതാനും പേർ പോലീസാണ് നിർത്തടാ എന്നു പറഞ്ഞ് തടഞ്ഞു നിർത്തി യാത്രക്കാരെ പിടിച്ചിറക്കി കയ്യിലുണ്ടായിരുന്ന ആറു ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച സംഘം കാറുമായി പാഞ്ഞ് പോവുകയായിരുന്നു.
പോലീസെന്ന് വിശ്വസിച്ചാണ് സംഘം പണമേൽപിച്ചതെങ്കിലും തുടർന്നുളള പെരുമാറ്റത്തിൽ സംശയം തോന്നി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തട്ടിപ്പു സംഘമാണ് പണമപഹരിച്ചതെന്ന് ഉറപ്പായത്. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പുതുക്കാട് പോലീസും ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലെ പ്രത്യേകാന്വേഷണ സംഘവും പ്രദേശത്ത് നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം നടത്തി കാറിലെത്തിയവരാണ് പ്രസ്തുത കൃത്യം നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശവാസികളേയും സിസിടിവി ദൃശ്യങ്ങളേയും അടിസ്ഥാനമാക്കാ നടത്തിയ കുറ്റമറ്റ അന്വേഷണമാണ് പ്രതികൾ പിടിയിലാവാൻ കാരണമായത്.

പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സുനിൽദാസ് ,സബ് ഇൻസ്പെക്ടർ സൂരജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി. യു.സിൽജോ, എ.യു. റെജി, ഷിജോ തോമസ് പുതുക്കാട് പോലീസ് സ്റ്റേഷനിലെ
അഡീഷണൽ എസ്ഐ ശ്രീനിവാസൻ, സീനിയർ സിപിഒ ശ്രീജിത്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ വിശ്വനാഥൻ എന്നിവരാണ് ഉണ്ടായിരുന്നത്.

തട്ടിയെടുത്ത പണം തൃശൂരിലെത്തി പങ്കുവച്ച സംഘം തട്ടിപ്പറിച്ചെടുത്ത മൊബൈലും മറ്റും വിജനമായ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് ഊട്ടിയിലേക്ക് കടന്ന മൂവരും അവിടെ ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു. തിരികെ നാട്ടിലെത്തി ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെറുതുരുത്തി ഭാഗത്ത് വച്ചു പ്രദീപിനെയും സുബൈറിനെയും പിടികൂടി .ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ്, സിപിഒ ജോബിൻ എന്നിവരുടെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്. പിടിയിലായവരിൽ നിന്നും ലഭിച്ച സൂചനയെ തുടർന്ന് സനീഷിനെയും പിടികൂടി.

പിടിയിലായ മൂവരേയും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

Please follow and like us: