താത്കാലിക നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ വീണ്ടും പ്രതിപക്ഷ വിമർശനം …

താത്കാലിക നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ വീണ്ടും പ്രതിപക്ഷ വിമർശനം …

ഇരിങ്ങാലക്കുട : നികുതി പിരിവിനായി എൽഡി ക്ലാർക്ക് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്താനുള്ള തീരുമാനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം. ഒഴിവിലേക്ക് കൊരുമ്പിശ്ശേരി സ്വദേശിനിയെ നിയമിക്കാനുള്ള ഫൈനാൻസ് കമ്മിറ്റി തീരുമാനം കഴിഞ്ഞ മാസം 28 ന് ചേർന്ന യോഗത്തിൽ ഉയർന്ന പ്രതിപക്ഷ വിമർശനങ്ങളെ തുടർന്ന് മാറ്റി വച്ചിരുന്നു. അപേക്ഷകൾ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ അതേ വ്യക്തിയെ തന്നെ വീണ്ടും നിയമിക്കുന്നത് സംബന്ധിച്ച് യോഗത്തിന് മുമ്പാകെ വന്ന അജണ്ടയാണ് വീണ്ടും പ്രതിപക്ഷ വിമർശനങ്ങൾക്ക് കാരണമായത്. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയമനം മാറ്റി വയ്ക്കാൻ മാത്രമാണ് കഴിഞ്ഞ യോഗം തീരുമാനിച്ചതെന്നും പുതിയ അപേക്ഷകൾ വിളിക്കാൻ തീരുമാനിച്ചിരുന്നില്ലെങ്കിലും ബിജെപി അംഗം സന്തോഷ് ബോബൻ ചൂണ്ടിക്കാട്ടി. നടപടി ക്രമങ്ങൾ പാലിക്കാതെ ഉള്ള നിയമനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് അംഗം അഡ്വ കെ ആർ വിജയയും വ്യക്തമാക്കി. എന്നാൽ വർഷങ്ങളായി ഇതേ രീതിയിൽ താത്കാലിക നിയമനങ്ങൾ നടത്താറുണ്ടെന്നും നികുതിയിനത്തിൽ അഞ്ച് കോടി രൂപ പിരിച്ചെടുക്കാൻ ഉണ്ടെന്നും ചട്ടങ്ങൾ പാലിച്ച് അപേക്ഷകൾ ക്ഷണിച്ചും ലഭിച്ച അപേക്ഷകളിൽ നിന്ന് അഭിമുഖം നടത്തി കൂടുതൽ യോഗ്യത ഉണ്ടെന്ന് ബോധ്യമായ വ്യക്തിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും നഗരസഭ സെക്രട്ടറി വിശദീകരിച്ചു. എന്നാൽ നിയമന നീക്കം രാഷ്ട്രീയ വിവേചനം ആണെന്നും സുതാര്യത ഇല്ലെന്നും ബിജെപി വിയോജിപ്പ് രേഖപ്പെടുത്തുകയാണെന്നും സന്തോഷ് ബോബൻ പറഞ്ഞു. ബിജെപി അംഗങ്ങൾ ഉൾപ്പെട്ട ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തതെന്ന് ഭരണകക്ഷി അംഗം പി ടി ജോർജ്ജ് പറഞ്ഞു. കമ്മിറ്റിയുടെ മുന്നിൽ ഈ തീരുമാനം വന്നിരുന്നില്ലെന്ന് ബിജെപി അംഗം അമ്പിളി ജയൻ പറഞ്ഞു. ഒടുവിൽ ബിജെപിയുടെ വിയോജിപ്പോടെ നിയമന തീരുമാനം യോഗം അംഗീകരിച്ചു. 2022-23 വർഷത്തെ പദ്ധതിയിൽപ്പെട്ട പ്രവൃത്തികൾ സംബന്ധിച്ച് ലഭിച്ച ടെണ്ടറുകൾ യോഗം അംഗീകരിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: