ക്ഷീര – കാര്‍ഷികമേഖലയില്‍ പ്രത്യേക പദ്ധതികളുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
വെള്ളാങ്ങല്ലൂര്‍: ക്ഷീര – കാര്‍ഷിക മേഖലക്ക് പ്രത്യേക പദ്ധതികളുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍ അവതരിപ്പിച്ചു. ജൈവവള ഉത്പാദനത്തിലൂടെ അധികവരുമാനം എന്ന ലക്ഷ്യത്തോടെ ചാണകം ഉണക്കിപൊടിക്കാന്‍ ബ്ലോക്ക് തലത്തില്‍ കേന്ദ്രം, ബയോ ക്ലീനിക്, ബയോ ലാബ്, കാര്‍ഷിക വിവര വിനിമയ കേന്ദ്രം, അഞ്ചു പഞ്ചായത്തുകളിലെ വായനശാലകളിലെ കാര്‍ഷിക കൂട്ടായ്മകളെ സംയോജിപ്പിച്ച് ഓണ്‍ലൈന്‍ വിപണന സംവിധാനം തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ വരും. ചെറുകിട വ്യവസായത്തെ കൂടി പരിപോഷിപ്പിക്കാന്‍ ലക്ഷ്യമാക്കുന്ന പദ്ധതിക്കായി 40 ലക്ഷം വകയിരുത്തി. വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈബ്സ് എന്ന പേരില്‍ നടപ്പാക്കുന്ന ഐ.ടി.പാര്‍ക്ക് പദ്ധതിക്കായി ഈ വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 25 ലക്ഷം, ബ്ലോക്ക് പരിധിയിലെ ഓരോ പഞ്ചായത്തിലും ഓരോ പാലിയേറ്റീവ് കേന്ദ്രം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി, അഞ്ചു പഞ്ചായത്തുകളുടെയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന പദ്ധതികള്‍ക്കുള്ള സഹായം, ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 80 ലക്ഷം എന്നിങ്ങനെ വകയിരുത്തി. ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഓപ്പണ്‍ ജിം, മിനി പാര്‍ക്ക്,പുത്തന്‍ചിറ സി.എച്ച്.സി., വെള്ളാങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കും തുക വകയിരുത്തിയിട്ടുണ്ട്. 34.41 കോടി വരവും 33.14 കോടി ചെലവും 1.27 കോടി രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷയായി. പ്രസന്ന അനില്‍കുമാര്‍, സുരേഷ് അമ്മനത്ത്, രമ രാഘവന്,ശശികുമാര്‍ ഇടപ്പുഴ, എം.എം.മുകേഷ്, കെ.എസ്.ധനീഷ്, ദിവ്യ കുഞ്ഞുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.