പൊതുവിതരണ വകുപ്പിന്റെ ” ഒപ്പം ” പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും ; റേഷൻ വിഹിതം ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും ….
ഇരിങ്ങാലക്കുട : പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും . കടകളിൽ നേരിട്ട് എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം എത്തിക്കാനാണ് ” ഒപ്പം ” പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുകുന്ദപുരം താലൂക്ക്തല ഉദ്ഘാടനം 38-ാം നമ്പർ റേഷൻ കട പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. വാതിൽപ്പടിക്കൽ തന്നെ സേവനങ്ങൾ എത്തിക്കുക എന്ന സർക്കാർ നയങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ ഇ വി സുരേഷ് സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ എം കെ ഷിനി നന്ദിയും പറഞ്ഞു.