നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി കന്നട ചിത്രം കോളി എസ്റു; ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും …
ഇരിങ്ങാലക്കുട : ഗാർഹിക പീഡനങ്ങളെയും യാഥാസ്ഥിതിക സാഹചര്യങ്ങളെയും വെല്ലുവിളിച്ച് സ്കൂൾ വിദ്യാർഥിനിയായ മകളെയും കൊണ്ട് ഭർത്യ ഗ്യഹത്തിൽ നിന്നിറങ്ങിപ്പോകുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ കന്നട ചിത്രം കോളി എസ്റു നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണികളുടെ അഭിനന്ദനങ്ങൾ എറ്റ് വാങ്ങി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ അക്ഷത പാണ്ഡവപുരയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.ചമ്പ ഷെട്ടി സംവിധാനം ചെയ്ത ചിത്രം ന്യൂയോർക്ക് , ഔറംഗബാദ് അടക്കമുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിച്ചു കഴിഞ്ഞു. കേരളത്തിലെ രണ്ടാമത്തെ സ്ക്രീനിംഗാണ് വനിതാ ദിനത്തിൽ മാസ് മൂവീസിൽ നടന്നത്. മഹാനന്ദ, കോളി എസ്റു, ഗേൾ പിക്ചർ എന്നീ സ്ത്രീ പക്ഷ സിനിമകളാണ് വനിതാ ദിനത്തിൽ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചത്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വനിതകൾ നടത്തിയിട്ടുള്ള പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് വനിതാ ദിനമെന്ന് സംവിധായിക ചമ്പാ ഷെട്ടിയെ ആദരിച്ച് കൊണ്ട് കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗവും കലാനിരൂപകയുമായ രേണു രാമനാഥ് ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഗീത സുർത്ത്കാൽ , വേണു ഹെണ്ണിയൂർ, രാധാക്യഷ്ണൻ ഊരാള , സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ രഞ്ജന പി എച്ച്, ക്രൈസ്റ്റ് കോളേജ് കൊട്ടക ഫിലിം ക്ലബ് മെമ്പർ ഫായിസ ഇഖ്ബാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മേളയുടെ സമാപന ദിവസമായ നാളെ (മാർച്ച് 9 ) രാവിലെ 10 ന് മാസ് മൂവീസിൽ ഹിന്ദി ചിത്രമായ ഓൺ ഐദർ സൈഡ്സ് ഓഫ് ദി പോണ്ട്, 12 ന് മലയാള ചിത്രമായ ഏകൻ അനേകൻ, വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ആസ്ട്രിയൻ ചിത്രമായ കൊർസാഴ്എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.