തുമ്പൂരിൽ രണ്ടര വയസ്സായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി

തുമ്പൂരിൽ രണ്ടര വയസ്സായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി

ഇരിങ്ങാലക്കുട: രണ്ടര വയസായ മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി. തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം മാടമ്പത്ത് വീട്ടില്‍ ബിനോയ് (48) ആണ് മകന്‍ അഭിജിത്ത് കൃഷ്ണയെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. വീടിനു പിറകിലെ വര്‍ക്ക് ഏരിയയിലാണ് ഇയാളെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സമീപത്തുതന്നെ കുഞ്ഞിന്റെ മൃതദേഹവും ഉണ്ടായിരുന്നു. വീടിന്റെ ഇറയത്ത് വെള്ളം നിറച്ച് വെച്ച ബക്കറ്റിന് സമീപത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചോടെ ഇയാളുടെ ഭാര്യ മിനി ഉറക്കമുണര്‍ന്നു മകനെ നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഭര്‍ത്താവിനെയും മകനെയും മരിച്ചനിലയില്‍ കണ്ടത്. മകന്റെ മരണം ഉറപ്പു വരുത്തിയ ശേഷമാണ് വീടിനു പുറകിലെ വര്‍ക്ക് ഏരിയയില്‍ ബിനോയ് തൂങ്ങിയിരിക്കുന്നതെന്നാണ് കരുതുന്നത്. ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബിനോയും ഭാര്യ മിനിയും മരിച്ച കുട്ടിയെ കൂടാതെ മൂത്തമകന്‍ അഭിനവ് കൃഷ്ണയും ഒരുമിച്ചാണ് വീട്ടില്‍ കഴിയുന്നത്. അഭിനവ് അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളില ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബിനോയ് പണ്ട് ഗള്‍ഫിലായിരുന്നു. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നാട്ടിലെത്തി ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം സംസ്‌കാരം നടത്തി. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ബിനോയെ അലട്ടിയിരുന്നു എന്നാണ് സൂചന. ഇപ്പോള്‍ താമസിക്കുന്ന സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ബിനോയിക്കു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പറയപ്പെടുന്നു. ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും വാങ്ങിക്കുന്നതിന് പണം നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഈ പുരയിടം സഹകരണ ബാങ്കില്‍ ഈട് നല്‍കി ഉടമസ്ഥന്‍ പണം വാങ്ങിയിരുന്നു. ഈ തുക തിരിച്ചടക്കാത്തതിനാല്‍ ജപ്തി നടപടികള്‍ക്കായി ബാങ്ക് അധികൃതര്‍ നോട്ടീസും നല്‍കിയിരുന്നു. ഇതോടെ പുരയിടം വാങ്ങുന്നതിനായി നല്‍കിയ പണം നഷ്ടപ്പെടുമോ എന്നുള്ളത് ബിനോയിയെ ആശങ്കപ്പെടുത്തിയിരുന്നു. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. അതിനിടെ മകന്‍ അഭിജിത്ത് കൃഷ്ണക്ക് സംസാരശേഷി കുറവാണെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. ഇത് അറിഞ്ഞതോടെ ബിനോയ് ഏറെ മാനസിക വിഷമത്തിലായി. മാത്രവുമല്ല, മകന്റെ ചികിത്സക്ക് പണം ചിലവഴിക്കേണ്ടി വന്നതും ഏറെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയതായി നാട്ടുകാർ പറയുന്നു. ആളൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Please follow and like us: