ഉന്നത വിദ്യാഭ്യാസ രംഗം കാവിവല്ക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തെ ജനകീയമായി നേരിടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ; കെ റെയിലിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം …
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗം കാവിവല്ക്കരിക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങളെ ജനകീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനവിധിയെ അട്ടിമറിക്കുന്ന സമീപനങ്ങളിലേക്ക് നീങ്ങുന്ന ഗവര്‍ണറുടെ നീക്കം ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതാണ്. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസി മാരെ നിയമിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മലയാളം സര്‍വകലാശാല വിസി നിയമനത്തിന് മൂന്ന് പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇതംഗീകരിക്കാതെ എംജി സര്‍വകലാശാല വിസിക്ക് മലയാളം സര്‍വകലാശാലയുടെ വിസി ചുമതല നല്‍കാനാണ് ഗവര്‍ണര്‍ തയ്യാറായിട്ടുള്ളത്. മുമ്പ് സാങ്കേതിക സര്‍വകലാശാല നിയമന വിഷയത്തിലും സമാനമായാണ് ഗവര്‍ണര്‍ പെരുമാറിയിട്ടുള്ളത്. സര്‍ക്കാര്‍ നല്‍കിയ പാനല്‍ മാറ്റിവെച്ച് ഡോ. സിസ തോമസിന് ചുമതല നല്‍കുകയാണ് ചെയ്തത്. ഈ നിയമനം ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. ഫലത്തില്‍ മൂന്ന് പ്രധാന സര്‍വകലാശാലകളില്‍ സ്ഥിരം വിസി ഇല്ലാത്ത സ്ഥിതിയാണുള്ളതെന്ന് ഗോവിന്ദൻമാസ്റ്റർ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയെന്ന സംഘപരിവാര്‍ അജന്‍ഡയാണ് ഗവര്‍ണര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിച്ച് നല്‍കാന്‍ കഴിയില്ല. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ അംഗീകരിച്ചുവെങ്കിലും ഗവര്‍ണര്‍ ഇനിയും ഒപ്പുവെക്കുകയോ മേല്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനം കൈക്കൊള്ളണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഓഫീസില്‍ നടന്ന പോലീസ് പരിശോധന നിയമവാഴ്ചയുടെ ഭാഗമായിട്ടുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനെ മാധ്യമ വേട്ട എന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അപക്വമായ സമീപനമാണ്. മാധ്യമ സ്വാതന്ത്രം പോലെ തന്നെ പ്രധാനമാണ് മാധ്യമ ധാര്‍മികതയും. മാധ്യമധാര്‍മ്മികതയ്ക്ക് ചേരാത്ത വിധം പ്രവര്‍ത്തിച്ച ചാനലിന്റെ പ്രവര്‍ത്തനത്തെ ന്യായീകരിക്കുന്നവര്‍ അന്തിമമായി ഹനിക്കുന്നത് മാധ്യമ സ്വാതന്ത്രത്തെ തന്നെയാണ്. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. ഇത് നാടിന്റെ വികസനത്തിന്റെ ഭാഗമെന്നതിനാല്‍ പദ്ധതി നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു. ജാഥാ മാനേജര്‍ പി.കെ. ബിജു, ജാഥാംഗങ്ങളായ കെ.ടി. ജലീല്‍, എം. സ്വരാജ്, ജെയ്ക് സി. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.