നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; ശ്രദ്ധ നേടി ജോൺ ; കാഴ്ചകളുടെ അതിപ്രസരക്കാലത്ത് ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് നയിക്കാൻ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ….

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള; ശ്രദ്ധ നേടി ജോൺ ; കാഴ്ചകളുടെ അതിപ്രസരക്കാലത്ത് ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് നയിക്കാൻ വേദികൾ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ….

ഇരിങ്ങാലക്കുട : ഭൂമിയിലേക്കും മണ്ണിലേക്കും ക്യാമറ തിരിച്ച് വച്ച ചലച്ചിത്ര പ്രതിഭയുടെ അവസാന നാളുകൾ പ്രമേയമാക്കിയ ” ജോൺ ” നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ശ്രദ്ധ നേടി. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രേംചന്ദ് ഒരുക്കിയ ചിത്രം അകാലത്തിൽ വിട പറഞ്ഞ ജോൺ എബ്രഹാമിന്റെ പ്രതിഭയിലേക്കുള്ള യാത്ര കൂടിയായി മാറി. ഭരണകൂടങ്ങളുടെ വേട്ടയാടലുകൾക്ക് ഇരകളായി മാറുന്ന വിവരാവകാശ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും പ്രമേയമാക്കിയ സജീവൻ അന്തിക്കാടിന്റെ ലാ ടൊമാറ്റിനോയും മാസ് മൂവീസിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഇന്ത്യൻ പനോരമ സെലക്ഷൻ നേടുകയും ചെയ്ത മഹേഷ് നാരായണന്റെ അറിയിപ്പാണ് മൂന്നാം ദിനത്തിൽ ഓർമ്മ ഹാളിൽ പ്രദർശിപ്പിച്ചത്.
ചലച്ചിത്ര മേളയുടെ ഔപചാരികമായ ഉദ്ഘാടനം മാസ് മൂവീസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. കാഴ്ചകളുടെ അതിപ്രസരക്കാലത്ത് ആസ്വാദനശീലങ്ങളെ കലയുടെ വഴികളിലേക്ക് ആനയിക്കാൻ വേദികൾ ഉണ്ടാകുന്നു എന്നുള്ളത് പ്രാധാന്യമുള്ള കാര്യമാണെന്ന് ഉദ്ഘാടനം നിവഹിച്ച് കൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. ഫെസ്റ്റിവൽ ഗൈഡിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ക്രൈസ്റ്റ് കോളേജിലെ കൊട്ടക ഫിലിം ക്ലബ് എക്സിക്യൂട്ടീവ് അംഗം മോഹന ലക്ഷ്മി എറ്റ് വാങ്ങി. ചടങ്ങിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, ചലച്ചിത്ര അക്കാദമി മെമ്പർ സിബി കെ തോമസ്, ഗ്രാമിക കലാവേദി പ്രസിഡണ്ട് പി കെ കിട്ടൻമാസ്റ്റർ,സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ ടി ജി സച്ചിത്ത്, വൈസ് – പ്രസിഡണ്ട് ടി ജി സിബിൻ, എം ആർ സനോജ് മാസ്റ്റർ,എം എസ് ദാസൻ , ജോസ് മാമ്പിള്ളി, വർധനൻ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ (മാർച്ച് 6 ) രാവിലെ 10 നും 12 നും മാസ് മൂവീസിൽ മറാത്തി ചിത്രങ്ങളായ മായീ ഘട്ട്, ദി ലാസ്റ്റ് പേജ് എന്നിവയും വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ സ്പാനിഷ് ചിത്രമായ ലല്ലബിയും പ്രദർശിപ്പിക്കും.

Please follow and like us: