നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തരമേള; കയ്യടികൾ നേടി ബംഗാളി ചിത്രം അപരാജിതോ ; നാളെ മേളയിൽ പ്രദർശിപ്പിക്കുന്നത് മൂന്ന് മലയാള ചിത്രങ്ങൾ …

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തരമേള; കയ്യടികൾ നേടി ബംഗാളി ചിത്രം അപരാജിതോ ; നാളെ മേളയിൽ പ്രദർശിപ്പിക്കുന്നത് മൂന്ന് മലയാള ചിത്രങ്ങൾ …

ഇരിങ്ങാലക്കുട: നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ കയ്യടികൾ നേടി ബംഗാളി ചിത്രമായ അപരാജിതോ . ലോക സിനിമയെ വിസ്മയിപ്പിച്ച പഥേർ പാഞ്ചാലിയുടെ നിർമ്മാണ വേളയിൽ ചലച്ചിത്ര ഇതിഹാസം സത്യജിത്റേ നേരിട്ട വെല്ലുവിളികളും ധർമ്മസങ്കടങ്ങളും പ്രമേയമാക്കി അനിക് ദത്ത ഒരുക്കിയ 138 മിനിറ്റുള്ള ചിത്രം ചലച്ചിത്ര ഭാഷ മാറ്റിയെഴുതിയ സംവിധായകനോടുള്ള ആദരവ് കൂടിയായി. മഹാരാഷ്ടയിലെ ചില സമുദായങ്ങൾക്കിടയിൽ നിലനില്ക്കുന്ന ആചാരത്തെ വിമർശനപരമായി സമീപിക്കുന്ന മറാത്തി ചിത്രം സോങ്ക്യയും മികച്ച അഭിപ്രായങ്ങൾ നേടി. മുബൈ സർവകലാശാലയിൽ അധ്യാപകനായി പ്രവർത്തിക്കുന്ന ഡോ മിലിന്ദ് ഇനാംദാറിന്റെ ന്റെ കന്നി ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനമാണ് ഇരിങ്ങാലക്കുട രാജ്യാന്തര മേളയിൽ നടന്നത്. ചോദ്യങ്ങൾ ഉയർത്തുകയാണ് കലാകാരൻ എന്ന നിലയിൽ താൻ ചെയ്യുന്നതെന്നും രാജ്യത്ത് എറ്റവും മികച്ച ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് ദക്ഷിണേന്ത്യയിലാണെന്നും ബോളിവുഡ് ഒരു വ്യവസായമായി മാത്രം ചുരുങ്ങിയിരിക്കുകയാണെന്നും മാസ് മൂവീസിൽ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുമായി നടന്ന സംവാദത്തിൽ സംവിധായകൻ പറഞ്ഞു. അറബിക് ഭാഷയിൽ ഈജിപ്ത്യൻ സംവിധായകൻ മുഹമ്മദ് ഡയബ് ഒരുക്കിയ അമീറ ഓർമ്മ ഹാളിലും പ്രദർശിപ്പിച്ചു.
ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ നാളെ (മാർച്ച് 5) മൂന്ന് മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 10 ന് മാസ് മൂവീസിൽ ചലച്ചിത്ര പ്രതിഭ ജോൺ എബ്രഹാമിനെക്കുറിച്ച് പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന ചിത്രവും 12 ന് രാജ്യത്ത് മാധ്യമ പ്രവർത്തകരും വിവരാവകാശ പ്രവർത്തകരും നേരിടുന്ന അടിച്ചമർത്തലുകൾ പ്രമേയമാക്കിയ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ലാ ടൊമാറ്റിനോ, വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇന്ത്യൻ പനോരമ സെലക്ഷൻ നേടിയ മഹേഷ് നാരായണന്റെ അറിയിപ്പ് എന്നിവ പ്രദർശിപ്പിക്കും.

Please follow and like us: