ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ നഗരസഭ യോഗത്തിൽ തീരുമാനം; പ്രതിപക്ഷ വിമർശനത്തെ തുടർന്ന് ബിൽ കളക്ടർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്താനുള്ള ഫിനാൻസ് കമ്മിറ്റി തീരുമാനം ഉപേക്ഷിച്ചു ; പിൻവാതിൽ നിയമനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം ..
ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ തെരുവുനായ അക്രമണത്തിന് ഇരയായ മൂന്ന് പേർക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവ്. റിട്ട. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിൽ താമസിക്കുന്ന ഭരതനുണ്ണിക്ക് 20200 രൂപയും കെ കെ ലിമക്ക് 417000 രൂപയും കെ ദാസന് 142000 രൂപയും നല്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ തുക നല്കാൻ പറ്റില്ലെന്നും വിഷയത്തിൽ നിയമോപദേശം തേടാമെന്നും ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ ചെയർ പേഴ്സൺ പറഞ്ഞു. എന്നാൽ കേസ് നല്കണമെങ്കിൽ സുപ്രീം കോടതിയിൽ പോകേണ്ടി വരുമെന്നും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും കോടതി അലക്ഷ്യമാകരുതെന്നും നഗരസഭ സെക്രട്ടറി ചൂണ്ടിക്കാട്ടി. സെക്രട്ടറി പറയുന്നതിനോട് യോജിക്കുകയാണെന്നും സിരിജഗൻ കമ്മിറ്റിക്ക് എതിരെ തിരിയുന്നതിന് പകരം നഗരസഭ പരിധിയിൽ എബിസി പദ്ധതി കൃത്യമായി നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു.
ആധുനിക അറവുശാല നിർമ്മിക്കുന്നതിന് കിഫ്ബി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് ഡിപിആർ തയ്യാറാക്കിയ കണ്ണൂർ ആസ്ഥാനമായ സെന്റർ ഫോർ ഫാമിംഗ് ആന്റ് ഫുഡ് പ്രൊസസിംഗിന് 584808 രൂപ പ്ലാൻ ഗ്രാന്റിൽ നിന്നും അനുവദിക്കാൻ യോഗം തീരുമാനിച്ചു. പദ്ധതിക്ക് കിഫ്ബി ഫണ്ട് ലഭിച്ചില്ലെങ്കിൽ ഡിപിആറിനായി നല്കിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് ബിജെപി അംഗം ടി കെ ഷാജു ചൂണ്ടിക്കാട്ടി. എന്നാൽ കിഫ്ബിയിൽ നിന്നും ഫണ്ട് ലഭിക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉറപ്പാണെന്നും ചെയർപേഴ്സൺ പറഞ്ഞു.
സോണൽ ഓഫീസിലെ നികുതി പിരിവിനായി കൊരുമ്പിശ്ശേരി സ്വദേശിനിയെ താത്കാലിക അടിസ്ഥാനത്തിൽ ബിൽ കളക്ടറായി നിയമിക്കാമെന്ന ഫിനാൻസ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തീരുമാനം പ്രതിപക്ഷ വിമർശനങ്ങളെ തുടർന്ന് ഉപേക്ഷിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റിയല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പിൻവാതിൽ നിയമനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷത്ത് നിന്ന് അഡ്വ കെ ആർ വിജയ, സി സി ഷിബിൻ, സന്തോഷ് ബോബൻ എന്നിവർ വ്യക്തമാക്കിയതോടെ നിയമന തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
2023 – 24 സാമ്പത്തിക വർഷത്തിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായുള്ള ആറരക്കോടി രൂപയുടെ പ്ലാനും ബഡ്ജറ്റും യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.