ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; സംസ്ഥാനത്ത് 41000 കോടി രൂപയുടെ ശുദ്ധജല പദ്ധതികൾക്ക് അനുമതി കൊടുത്ത് കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ ; നിറവേറ്റുന്നത് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെയുള്ള ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 41000 കോടി രൂപയുടെ പദ്ധതികൾക്ക് സംസ്ഥാനത്ത് അനുമതി കൊടുത്ത് കഴിഞ്ഞതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . 113.78 കോടി രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പതിനേഴ് ലക്ഷം കുടുംബങ്ങൾക്കാണ് ശുദ്ധജലം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഇത് 30 ലക്ഷം ആയി ഉയർന്നതായും അഞ്ച് വർഷത്തിനുള്ളിൽ 70 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂഗർഭജലത്തിന്റെ അംശം കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന അപൂർവമായ സ്ഥിതി വിശേഷമാണ് സംസ്ഥാനം നേരിടുന്നത്. ശുദ്ധജല ദൗർലഭ്യം നല്ല രീതിയിൽ തന്നെ സംസ്ഥാനം നേരിടുന്നുണ്ട് . ഇരിങ്ങാലക്കുട മണ്ഡലത്തിൽ 310 കോടി രൂപയുടെ പദ്ധതികൾക്ക് ഇതിനകം അനുമതി നൽകി കഴിഞ്ഞിട്ടുള്ളതായും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എംഎൽഎ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു സൂചിപ്പിച്ചു. കുടിവെള്ള പ്രശ്നപരിഹാരത്തിനാണ് മുൻഗണന നൽകുന്നതെന്നും ആളൂർ പഞ്ചായത്തിൽ രണ്ട് ചെറിയ പദ്ധതികൾ പൂർത്തീകരിച്ച് കഴിഞ്ഞുവെന്നും പടിയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് പുതുക്കി നിർമ്മിക്കാൻ നബാർഡിൽ നിന്നും തുക അനുവദിച്ചിട്ടുണ്ടെന്നും കോന്തിപുലത്ത് തടയണ നിർമ്മിക്കാൻ സംസ്ഥാന ബജറ്റിൽ 12 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , ബ്ലോക്ക് പ്രസിഡണ്ടുമാരായ വിജയ ലക്ഷ്മി വിനയ ചന്ദ്രൻ , ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എസ് ധനീഷ്, ജോസ് ജെ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , ജനപ്രതിനിധികളായ ടെസ്സി ജോയ് , ബിബിൻ തുടിയത്ത്, സി ആർ ശ്യാംരാജ്, ലീന ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. വാട്ടർ അതോറിറ്റി നാട്ടിക ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബോബിൻ മത്തായി സ്വാഗതവും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എച്ച് നീലിമ നന്ദിയും പറഞ്ഞു.