ചരിത്രനിർമ്മിതിയാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം; രണ്ടാംഘട്ട നിർമ്മാണത്തിന് 64 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു …

ചരിത്രനിർമ്മിതിയാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം; രണ്ടാംഘട്ട
നിർമ്മാണത്തിന് 64 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു …

ത്യശ്ശൂർ :സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളിൽ രണ്ടാമത്തേതാകാൻ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണപ്രവൃത്തികൾക്ക് അറുപത്തിനാല് കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി മാറുന്നതിന്റെ അവസാനഘട്ടമാണ് ഈ ഭരണാനുമതിയോടെ നടക്കുകയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

1,68,555 ചതുരശ്ര അടിയിൽ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറ് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് ഇരിങ്ങാലക്കുട കോടതി സമുച്ചയമൊരുങ്ങുന്നത്. അടിയിലെ നിലയിൽ ജഡ്‌ജിമാർക്കുള്ള പ്രത്യേക പാർക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്‌താരത്തിൽ റെക്കോർഡ് റൂം, തൊണ്ടി റൂമുകൾ, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ എന്നിവയ്ക്കുള്ള ഇടവുമായിരിക്കും. തൊട്ടു മുകളിലത്തെ നിലയിൽ ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്‌ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേർന്ന് ലൈബ്രറി, കറന്റ്‌ റെക്കോർഡ്‌സ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. കൂടാതെ ബേസ്മെന്റ് ഫ്ലോറിൽ കാന്റീൻ സൗകര്യവുമുണ്ടാകും.

മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യുണൽ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ഓഫീസ് അനുബന്ധ സൗകര്യങ്ങൾ എന്നിവ താഴത്തെ നിലയിലായിരിക്കും. ഒന്നാംനിലയിൽ അഡിഷണൽ സബ് കോടതി, പ്രിൻസിപ്പൽ സബ് കോടതി, ജഡ്‌ജസ് ചേംബർ, പബ്ലിക് പ്രോസിക്യൂട്ടർ, ഗവണ്മെന്റ് പ്ലീഡർ ഓഫീസ് അനുബന്ധ സൗകര്യങ്ങൾ, രണ്ടാംനിലയിൽ ഫാമിലി കോടതി, കൗൺസലിംഗ് സെക്ഷൻ, ലേഡീസ് വെയ്റ്റിംഗ് ഏരിയ, കോർട്ട് യാർഡ് മൂന്നാം നിലയിൽ കോടതി മുറികൾ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസ്, സെൻട്രൽ ലൈബ്രറി, മീഡിയ റൂം, നാലാംനിലയിൽ അഡിഷണൽ മുൻസിഫ് കോടതി, പ്രിൻസിപ്പൽ മുൻസിഫ് കോടതി, ജഡ്‌ജസ് ചേംബർ, ഓഫീസ് റെക്കോർഡ്‌സ്, അനുബന്ധ സൗകര്യങ്ങൾ എന്നിങ്ങനെയാണ് സമുച്ചയം. കൂടാതെ ജഡ്‌ജിമാർക്കായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും ഗോവണിയും ഉണ്ടാകും. ലിഫ്റ്റ് സൗകര്യവും ടോയിലറ്റ് സൗകര്യവും പൊതുജനങ്ങൾക്ക് പ്രത്യേകമായുണ്ടാവും.

ആറു നിലകളുടെ സ്ട്രക്ച്ചർ ജോലികളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. ഏഴാം നിലയുടെ നിർമ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കൽ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാം ഘട്ടത്തോടെ പൂർത്തിയാവുമെന്നും എല്ലാ നിലകളിലും ഭിന്നശേഷി സൗഹൃദ ശുചിമുറികൾ ഉണ്ടാകുമെന്നും മന്ത്രി പുത്രക്കുറിപ്പിൽ അറിയിച്ചു.

Please follow and like us: