മധ്യപ്രദേശിൽ നടന്ന ബസ്സപകടം: ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍, പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു; വിദ്യാര്‍ഥികള്‍ രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്കു മടങ്ങും..

മധ്യപ്രദേശിൽ നടന്ന ബസ്സപകടം: ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍, പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു; വിദ്യാര്‍ഥികള്‍ രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്കു മടങ്ങും..


ഇരിങ്ങാലക്കുട: മധ്യപ്രദേശില്‍ വച്ച് ക്രൈസ്റ്റ് കോളജിലെ ജിയോളജി വിഭാഗം വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കു പറ്റിയവരില്‍ ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു. ജിയോളജി വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠന യാത്രക്കിടെ ശനിയാഴ്ച രാത്രി രാത്രി 7.30 ന് മധ്യപ്രദേശിലെ റായ്പൂരിലെ കട്‌നിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ട് അധ്യാപകര്‍ക്കും 16 വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ചാലക്കുടി സ്വദേശിയായ എഡ്വേര്‍ഡ് ബെന്‍ മാത്യു(20) ജബൽപൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എഡ്വേര്‍ഡ് ബെൻ മാത്യു അപകട നില തരണം ചെയ്തതായി ആശുപത്രി നേഴ്സിംഗ് സൂപ്രണ്ട് സോണി മേനോൻ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ഥികൾ എല്ലാവരും സമീപത്തെ സിഎംഐ പബ്ലിക് സ്കൂളിലാണ് കഴിയുന്നത്. കോളേജിലെ സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ ഫാ. വില്‍സന്‍ തറയില്‍ ഞായറാഴ്ച തന്നെ മധ്യപ്രദേശിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനാണ് മുന്‍ കൂട്ടി ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. അപകടത്തില്‍പ്പെട്ട സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ശ്രമങ്ങള്‍ നടത്തിയിരുന്നു. അപകടം നടന്ന കട്‌നിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പന്നയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ സ്ഥലത്തും ആശുപത്രിയിലും എത്തിയിരുന്നു. അപകടം നടന്ന ജില്ലയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി ആശുപത്രി സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ ചികിത്സാ കാര്യത്തില്‍ നല്‍കിയിരുന്നു. അറുനൂറോളം അംഗങ്ങളുള്ള ജബൽപൂർ മലയാളി അസോസിയേഷൻ പ്രസിഡണ്ട് സോമസുന്ദരത്തിന്റെ നേത്യത്വത്തിലുള്ള സംഘവും ആശുപത്രിയിൽ എത്തിയിരുന്നു.

Please follow and like us: