വൃദ്ധമാതാവിന്റെയും കിടപ്പുരോഗിയായ മകന്റെയും സംരക്ഷണമുറപ്പാക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ; എറ്റെടുക്കാൻ തയ്യാറായി സേവാഭാരതി പ്രവർത്തകരും …
ഇരിങ്ങാലക്കുട: വൃദ്ധമാതാവിന്റെയും കിടപ്പുരോഗിയായ മകന്റെയും സംരക്ഷണം ഉറപ്പാക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും സാമൂഹ്യനീതിവകുപ്പും. ഇരിങ്ങാലക്കുട മാപ്രാണത്ത് വാർഡ് 38ൽ അഞ്ച് വർഷത്തോളമായി കഴിഞ്ഞുവന്നിരുന്ന വൃദ്ധമാതാവിന്റെയും,അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ മകന്റെയും ദുരവസ്ഥ മുനിസിപ്പൽ കൗൺസിലർ ലേഖ.കെ.ആർ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിനെ ഫോണിൽ അറിയിക്കുകയായിരുന്നു.ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ ഷാജി.എം.കെ വിഷയത്തിൽ ഇടപെടുകയും മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റിനോട് അടിയന്തിരമായി ഗൃഹസന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദേശം നൽകുകയുമായിരുന്നു. മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ, ഓർഫനേജ് കൗൺസിലർ ദിവ്യാ അബീഷ് എന്നിവർ ഗൃഹസന്ദർശം നടത്തി നിരാലംബരായ അമ്മയുടെയും കിടപ്പിലായ മകന്റെയും ജീവിതസാഹചര്യം ഉൾകൊള്ളിച്ചുകൊണ്ട് വിശദമായ റിപ്പോർട്ട് ഇരിങ്ങാലക്കുട ആർ.ഡി.ഓ ക്ക് നൽകി.
പത്താഴക്കാട്ടിൽ തങ്കമണി (72), മകൻ ഷാജു (50) എന്നിവർ ഇരിങ്ങാലക്കുട മാപ്രാണത്ത് വിൽസൺ.പി.ജെ. എന്നയാളുടെ വീട്ടിൽ അഞ്ച് വർഷക്കാലമായി കഴിഞ്ഞുവരികയായിരുന്നു. വാടകയ്ക്ക് താമസിക്കാൻ എത്തിയ ഇവർക്ക് വാടക നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇവരെ സൗജന്യമായി താമസിപ്പിച്ചിരുന്നതും വേണ്ടുന്ന സഹായങ്ങൾ ചെയ്തു നൽകിയിരുന്നതും വീട്ടുടമ കൂടിയായ വിത്സൻ ആയിരുന്നു.അഞ്ചു വർഷം മുന്നേ വാഹനാപകടത്തിൽപ്പെട്ടു തലക്ക് പരിക്കേറ്റ് കിടപ്പിലായ മകൻ ഷാജുവിനെ വയോധികയായ അമ്മ തങ്കമണിയാണ് പരിചരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ തങ്കമണിക്ക് പക്ഷാഘാതം വന്നു കിടപ്പിലായതോടെ ഇവരുടെ ജീവിതം ദുസ്സഹമായി.ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കമണിയെ മകൾ ഷീജ കൊടുങ്ങല്ലൂരുള്ള തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അതോടെ ഷാജു വീട്ടിൽ ഒറ്റക്കായി.കിടപ്പിലായ അമ്മയെയും,സഹോദരൻ ഷാജുവിനെയും ഒരുമിച്ചു പരിചരിക്കാൻ സഹോദരി ഷീജയുടെ അനാരോഗ്യവും ജീവിതസാഹചര്യങ്ങൾകൊണ്ടുമാകാതെ വന്നപ്പോൾ നാട്ടുകാരുടെയും സുമനസുകളുടെയും കരുതലും സഹകരണവും കൊണ്ടാണ് ഈ വായോധികയും രോഗിയായ മകനും കഴിഞ്ഞു വന്നിരുന്നത്. വീട്ടിൽ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന നാളുകളിൽ പരിപൂർണ്ണമായി കിടപ്പിലായ ഷാജുവിനെ പരിചരിച്ചിരുന്നതും ഭക്ഷണം നൽകിയിരുന്നതും അയൽവാസികളായ മധുമാഷ്,അനിലൻ,വിജയശ്രീ,ഷീബ എന്നിവരും വീട്ടുടമ വിൽസനും നാട്ടുകാരും ചേർന്നായിരുന്നു.
മാതാവിനെയും കിടപ്പിലായ സഹോദരനെയും സംരക്ഷിക്കണമെന്ന ധാർമികചുമതല നിലനിൽക്കെ മകൾ ഷീജയെ നേരിൽ കേട്ടും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും വൃദ്ധമാതാവിന്റെയും,കിടപ്പിലായ മകന്റെയും സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട ആർ.ഡി.ഓ. ഷാജി.എം.കെ. ഉത്തരവ് നൽകുകയായിരുന്നു.കിടപ്പിലായ മാതാവ് തങ്കമണിക്ക് മകൾ വീട്ടിൽ തന്നെ സംരക്ഷണം നൽകാനും എന്നാൽ പരിചരണം ആവശ്യമുള്ള കിടപ്പിലായ ഷാജുവിനെ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിലേക്ക് മാറ്റുവാനും നിർദേശം നൽകുകയുമായിരുന്നു.
ഇരിങ്ങാലക്കുട ആർ.ഡി.ഓ. ഷാജി.എം.കെ യുടെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ,ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ്,മുനിസിപ്പൽ കൗൺസിലർ ലേഖ.കെ.ആർ,സേവാഭാരതി ജന.സെക്രട്ടറി പി.കെ.ഉണ്ണികൃഷണൻ, സംഗമേശ്വര വാനപ്രസ്ഥാശ്രമം പ്രസിഡന്റ് പി.ഗോപിനാഥൻ,അനീഷ് എന്നിവർ ചേർന്നു ഷാജുവിനെ ഇരിങ്ങാലക്കുട സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിലേക്ക് പ്രവേശിപ്പിച്ചു.