കരുവന്നൂര്‍ കൊള്ള; ഇഡിക്ക് മുമ്പില്‍ ഹാജരാകാന്‍ പരാതിക്കാരന് നിർദ്ദേശം…
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയ്ക്കെതിരെ ഹൈക്കോടതിയില്‍ കേസ് നല്കിയ പരാതിക്കാരനോട് ഇഡിക്കു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശം. പൊറത്തിശ്ശേരി സ്വദേശി എം.വി സുരേഷാണ് നാളെ രാവിലെ ഇഡി ഓഫീസില്‍ ഹാജരാകുക. കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെ ആദ്യം രംഗത്തു വന്നതും ഹൈക്കോടതിയില്‍ കേസ് നല്കിയതും സുരേഷാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സിവില്‍ സ്റ്റേഷന് എക്സ്റ്റന്‍ഷന്‍ ബ്രാഞ്ചിന്റെ മാനേജര്‍ ചുമതലയുണ്ടായിരുന്ന എം.വി. സുരേഷാണ് ബാങ്കിലെ തിരിമറികളെക്കുറിച്ച് ആദ്യം സി.പി.എം നേതൃത്വത്തെ അറിയിച്ചത്. 15 വര്‍ഷം സി.പി.എമ്മിന്റെ കണ്ടാരത്തറ ബ്രാഞ്ച് സെക്രട്ടറിയും ഒന്‍പതു വര്‍ഷം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സുരേഷ്. ആ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണിനാണ് പരാതി അയച്ചത്. അന്വേഷണം നടത്താന്‍ ബേബി ജോണ്‍ നിര്‍ദേശം നല്കി. എന്നാല്‍, അതിനായി നിയോഗിച്ചവര്‍ അത് മുക്കിയെന്ന് സുരേഷ് പറയുന്നു. പരാതി നല്‍കിയശേഷം കള്ളക്കേസില്‍ കുടുക്കി ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇതിനെതിരേ സുരേഷ് നല്കിയ കേസ് ഇപ്പോഴും കോടതിയിലാണ്. കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പിനെപ്പറ്റി 2019 ജനുവരി 16 നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ബാങ്കിലെത്തി അന്വേഷണം നടത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സികെ ചന്ദ്രനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നാണ് സികെ ചന്ദ്രന് കേസുമായി ബന്ധമുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചത്. ഇതില്‍ വ്യക്തത വരുത്താനായാണ് സികെ ചന്ദ്രനെ ചോദ്യം ചെയ്തത്. തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്കിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത് സി.കെ ചന്ദ്രനെയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ബാങ്കിന്റെ മാനേജര്‍. സി.പി.എം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനില്‍ കുമാറുമായി ചേര്‍ന്ന് തട്ടിപ്പിന് കൂട്ടു നിന്നു എന്നതാണ് പ്രധാന പരാതി. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികള്‍ നല്കിയ മൊഴിയും ഇത് തന്നെയാണ്. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സി കെ ചന്ദ്രനെ സി.പി.എമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.