61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ് ; പഴഞ്ഞി എംഡിയും വടക്കാഞ്ചേരി വ്യാസയും കണ്ണൂർ എസ് എൻ കോളേജും ആതിഥേയരായ ക്രൈസ്റ്റും ക്വാർട്ടറിൽ …
ഇരിങ്ങാലക്കുട : 61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് പഴഞ്ഞി എംഡി കോളേജ്, വടക്കാഞ്ചേരി വ്യാസ, കണ്ണൂർ എസ് എൻ , ആതിഥേരായ ക്രൈസ്റ്റ് എന്നീ ടീമുകൾ പ്രവേശിച്ചു. വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന പ്രീക്വാർട്ടർ മൽസരങ്ങളിൽ എംഡി കോളേജ് മണ്ണുത്തി ഡോൺ ബോസ്കോയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കും വ്യാസ കോളേജ് തൊഴിയൂർ ഐസിഎ യെ ഷൂട്ട് ഔട്ടിലും കണ്ണൂർ എസ് എൻ 3-2 എന്ന സ്കോറിന് കൊടകര സഹൃദയയെയും ആതിഥേരായ ക്രൈസ്റ്റ് പാല മൈനോരിറ്റി കോളേജിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കും പരാജയപ്പെടുത്തി. വൈകീട്ട് നടന്ന ചടങ്ങിൽ നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, അഡ്വ ടി ജെ തോമസ്, ഡോ ബി പി അരവിന്ദ , ഡോ ബിന്റു പി കല്യാൺ തുടങ്ങിയവർ പങ്കെടുത്തു.