ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി ;വിധിയെ തോല്‍പിച്ച പ്രണവിന് താങ്ങും തണലുമായത് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കൂട്ടായി വന്ന ഷഹാന..

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി ;വിധിയെ തോല്‍പിച്ച പ്രണവിന് താങ്ങും തണലുമായത് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കൂട്ടായി വന്ന ഷഹാന..

ഇരിങ്ങാലക്കുട: എല്ലാം മറന്ന് തന്നെ ജീവനു തുല്യം സ്‌നേഹിച്ച ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി. അപകടത്തില്‍ ശരീരം തളര്‍ന്നു ജീവിതം വീല്‍ചെയറിലായ ഇരിങ്ങാലക്കുട താഴെക്കാട് കണ്ണിക്കര സ്വദേശി മണപറമ്പില്‍ സുരേഷ്ബാബുവിന്റെ മകന്‍ പ്രണവ് (31) ആണ് മരിച്ചത്. പ്രണവിനു താങ്ങും തണലുമാകാനെത്തിയ ഷഹാന ഇതോടെ തനിച്ചായി. രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2020 മാര്‍ച്ച് മൂന്നിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. ബികോം വിദ്യാര്‍ഥിയായിരിക്കേ ആറ് വര്‍ഷം മുന്‍പ് 2014 ല്‍ കുതിരത്തടം പൂന്തോപ്പില്‍ നടന്ന ബൈക്ക് അപകടത്തില്‍ പ്രണവിന്റെ ശരീരം തളര്‍ന്നു. വീല്‍ചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടില്‍ കഴിയാന്‍ പ്രണവ് തയാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. അടുത്ത സുഹൃത്തുക്കളാണ് വര്‍ഷങ്ങളായി പ്രണവിനെ വീട്ടില്‍ എത്തി കുളിപ്പിച്ചിരുന്നത്. വീല്‍ചെയറിലിരുന്ന് ഉത്സവമേളം ആസ്വദിക്കുന്ന പ്രണവിന്റെ വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായി. ഇതുകണ്ടാണ് തിരുവന്തപുരം പള്ളിക്കല്‍ സ്വദേശി ഷഹാന പ്രണവിനെക്കുറിച്ച് അറിയുന്നത്.അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോകളും ഷഹാനയെ പ്രണവിലേക്ക് അടുപ്പിച്ചു. ഫെയ്‌സ്ബുക്കില്‍ നിന്ന് ഫോണ്‍ നമ്പറെടുത്ത് ഷഹാന പ്രണവിനെ വിളിച്ചു. കുറച്ച്‌നാള്‍ സംസാരിച്ചതോടെ ഷഹാന ഇഷ്ടം അറിയിച്ചു. വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന കാര്യവും. വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനു ശ്രമിക്കുന്തോറും ഷഹാനയുടെ ഇഷ്ടംകൂടി. മറ്റൊരു കാമുകി ഉണ്ടെന്നു സുഹൃത്തിനെക്കൊണ്ട് പറയിച്ച് നോക്കി. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷഹാന ഉറച്ചു നിന്നു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഷഹാന പ്രണവിന്റെ സഖിയായി. പിന്നീട് ഇവര്‍ പ്രണവ് ഷഹാന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു. സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ നടക്കും. അമ്മ- സുനിത, സഹോദരി-ആതിര.

Please follow and like us: