ദേശീയ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് കോളേജിന് ആദരം; നൈപുണ്യവികസന മേഖലയിലും സാമൂഹ്യവിഷയങ്ങളിലെ ഇടപെടലുകളിലും കോളേജിന്റേത് തിളക്കമാർന്ന സാന്നിധ്യമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാത്യകയെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ …
ഇരിങ്ങാലക്കുട : വിദ്യാഭ്യാസത്തെയും തൊഴിലിനെയും ബന്ധപ്പെടുത്തിയുള്ള നൈപുണ്യ വികസന മേഖലയിലും സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നതിലും സെന്റ് ജോസഫ്സ് കോളേജ് സാന്നിധ്യം തെളിയിച്ച് കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ദേശീയ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ച കോളേജിനെ ആദരിക്കാൻ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . പെൺകുട്ടികൾക്ക് വേണ്ടി മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന കേരളത്തിലെ കലാലയമായി കോളേജ് നേരത്തെ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞതാണ്. വരുന്ന സാമ്പത്തിക വർഷത്തിൽ കോളേജിനായി ഇരുപത് ലക്ഷത്തിന്റെ പദ്ധതി എംഎൽഎ ഫണ്ടിൽ നിന്നും നൽകുമെന്നും മന്ത്രി സൂചിപ്പിച്ചു. മാനേജർ സിസ്റ്റർ എൽസി കോക്കാട്ട് അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാത്യകയാണ് സെന്റ് ജോസഫ്സ് കോളേജെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ യൂജിൻ മൊറേലി , മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ,ഡേവിസ് ഊക്കൻ , സി എസ് മീനാക്ഷി , യൂണിയൻ ചെയർപേഴ്സൺ രഞ്ജന പി എച്ച് എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സിസ്റ്റർ എലൈസ സ്വാഗതവും ഐക്യുഎസി കോ-ഓഡിനേറ്റർ ഡോ നൈജിൽ ജോർജ്ജ് നന്ദിയും പറഞ്ഞു.