വിസ്മയക്കാഴ്ചകൾ നിറച്ച് ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി മഹോല്‍സവം…
ഇരിങ്ങാലക്കുട: വീഥികളില്‍ വിസ്മയ കാഴ്ചയൊരുക്കി കാവടികൂട്ടങ്ങള്‍ വിലാസ നടനമാടിയപ്പോള്‍ ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിമഹോല്സവം വര്‍ണാഭമായി മാറി. പുത്തന്കാവടികളാല് നയനമനോഹരമായ പ്രപഞ്ചം സൃഷ്ടിച്ച് വര്‍ണം വാരിവിതറിയ വിസ്മയക്കാഴ്ചയില്‍ പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞ കാവടിവരവ് ആസ്വാദക ഹൃദയത്തെ കീഴടക്കി. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ വര്ണപ്പീലിക്കാവടികളും പ്രച്ഛന്നവേഷങ്ങളും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ക്ഷേത്രസന്നിധിയില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആസ്വാദകര്‍ ആവേശത്താല്‍ ആര്‍പ്പുവിളിച്ചു. ഇതുവരെ അവതരിപ്പിക്കാത്ത ഭംഗിയാര്‍ന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളുമായാണ് വിവിധ മേഖലകളില്‍നിന്നുള്ള വിഭാഗക്കാര്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നത്. തവില്‍, ശിങ്കാരിമേളം, ബാന്റ് സെറ്റ് തുടങ്ങിയ വാദ്യ സംഘങ്ങളും കാവടിക്ക് അകമ്പടിയേകി. പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ വിഭാഗങ്ങളില്‍നിന്നാണ് കാവടി സംഘങ്ങള്‍ എത്തിച്ചേര്‍ന്നത്. ഉച്ചയ്ക്ക് മൂന്നോടെ കാവടിയാട്ടം സമാപിച്ചു. വിവിധ ദേശക്കാര്‍ നടത്തിയ കാവടിവരവില് നിശ്ചലദൃശ്യങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. നാളെ രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് നാല് മുതല്‍ രാത്രി ഏഴു വരെയും പൂരം എഴുന്നള്ളിപ്പു നടക്കും. രാത്രി 8.30 ന് രഘുമാരാരുടെ നേതൃത്വത്തില്‍ പാണ്ടി മേളം ഉണ്ടായിരിക്കും. രാത്രി ഏഴിന് നടക്കുന്ന ചടങ്ങില്‍ നാടക മല്‍സരത്തിന്റെ സമ്മാനദാനവും 8.30 ന് ഗാനമേളയും നടക്കും.