സാമൂഹ്യ സേവന രംഗത്ത് സർക്കാർ ഇതര സംഘടനകളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഹൈക്കോടതി ജഡ്ജ് സി എസ് ഡയാസ് .
ഇരിങ്ങാലക്കുട : സാമൂഹ്യ സേവന രംഗത്ത് സർക്കാർ ഇതര സംഘടനകളുടെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഹൈക്കോടതി ജഡ്ജ് സി എസ് ഡയാസ് . ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സേവാഭാരതി നിർമ്മിച്ച പുരുഷ വയോജനങ്ങൾക്കുള്ള സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഗ്രാന്റുകൾ നല്കാമെന്നല്ലാതെ സർക്കാരുകൾക്ക് ഇക്കാര്യത്തിൽ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരുടെ പരിചരണം എന്ന വിഷയത്തിന് സമൂഹം എറെ പരിഗണന നല്കേണ്ട വിഷയമായി മാറിക്കഴിഞ്ഞതായും ജഡ്ജ് ഡയാസ് ചൂണ്ടിക്കാട്ടി.
സേവാഭാരതി പ്രസിഡണ്ട് നളിൻബാബു എസ് മേനോൻ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ജേക്കബ്ബ് തോമസ് മുഖ്യാതിഥി ആയിരുന്നു. സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ രഞ്ജിത്ത് വിജയഹരി മുഖ്യപ്രഭാഷണവും സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തി. ജനറൽ കൺവീനർ സതീഷ് പള്ളിച്ചാടത്ത് നിർമ്മാണ പ്രവർത്തന അവലോകനം നിർവഹിച്ചു. സേവാഭാരതി സംഘടനാ സെക്രട്ടറി യു എൻ ഹരിദാസ് സുവനീർ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ സ്മിത ക്യഷ്ണകുമാർ , സാമൂഹ്യ ക്ഷേമ ഓഫീസർ ജെയ്സി സ്റ്റീഫൻ , കല്യാണി ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്നു. സേവാഭാരതി ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ കെ ആർ സുബ്രമണ്യൻ നന്ദിയും പറഞ്ഞു.