ഠാണ ചന്തക്കുന്ന് വികസനം; പുനരധിവാസ ഹീയറിംഗിൽ പങ്കെടുത്തത് 55 പേർ; റോഡ് വികസനത്തിനായി ഭൂമി വിട്ടുനല്‍കുമെന്ന് ആവർത്തിച്ച് സെന്റ് തോമസ് കത്തീഡ്രല്‍ അധികൃതരും കൂടല്‍മണിക്യം ദേവസ്വം അധികൃതരും ; നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രം എറ്റെടുക്കൽ നടപടികളെന്ന് മന്ത്രി ഡോ ആർ ബിന്ദു …
ഇരിങ്ങാലക്കുട: ഠാണ ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായുള്ള പുനരധിവാസ ഹീയറിംഗിൽ പങ്കെടുത്തത് 55 പേർ.പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് വേണ്ടിയാണ് ഹിയറിംഗ് നത്തിയത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപ്പെടുന്ന 121 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 55 പേരാണ് ഹിയറിംഗിന് എത്തിയത്. . റോഡ് വികസനത്തിന് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലും ജീവനോപാധി നഷ്ടപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവെച്ചു. പരമാവധി ധനസഹായവും പുനരധിവാസ പാക്കേജും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിര്‍ദേശം ഉണ്ടായി. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ഹിയറിംഗില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സാങ്കേതിക പ്രക്രിയകൾ വേഗത്തിൽ നടക്കുകയാണെന്നും നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ എറ്റെടുക്കൽ നടപടികൾ ആരംഭിക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.ഡെപ്യൂട്ടി കളക്ടര്‍ യമുന ദേവി, തൃശൂര്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്. ഹരീഷ്, കൗണ്‍സിലര്‍മാരായ പി.ടി. ജോര്‍ജ്, ബിജു പോള്‍ അക്കരക്കാരന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് എന്നിവര്‍ പങ്കെടുത്തു. റോഡ് വികസനത്തിനായി ഭൂമി വിട്ടുനല്‍കി സഹകരിക്കുവാന്‍ തയ്യാറാണെന്ന് സെന്റ് തോമസ് കത്തീഡ്രല്‍ അധികൃതരും കൂടല്‍മണിക്യം ദേവസ്വം അധികൃതരും വ്യക്തമാക്കി. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനാണ് വിരാമമാകുക. സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്. ഇതിനായി ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ തന്നെ മാറും. ഉദ്യോഗസ്ഥര്‍ നാലു വിഭാഗമായി തിരിഞ്ഞ് നടത്തിയ ഹിയറിംഗിന് ലാന്റ് അക്വുസേഷന് തഹസില്‍ദാര്‍ ഇന്ദു നേതൃത്വം നല്കി. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇരിങ്ങാലക്കുട ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. റാബിയ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇരിങ്ങാലക്കുട ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഹീയറിംഗിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ പാക്കേജ് തയ്യാറാക്കി ലാൻഡ് റവന്യൂ കമ്മിഷണർക്ക് സമർപ്പിക്കും. തുടർന്ന് കമ്മീഷണർ അംഗീകരിച്ച പാക്കേജ് ആയിരിക്കും പദ്ധതി ബാധിതർക്ക് നല്‍കുകയെന്നും ഇതിനുളള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.