സേവാഭാരതിയുടെ നേതൃത്വത്തിലുള്ള സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ നിർമ്മാണം പൂർത്തിയായി; ഫെബ്രുവരി 5 ന് ജസ്റ്റിസ് സി എസ് ഡയാസ് ഉദ്ഘാടനം നിർവഹിക്കും …
ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേത്യത്വത്തിൽ പുരുഷ വയോജനങ്ങൾക്കായുള്ള വാനപ്രസ്ഥാശ്രമത്തിന്റെ നിർമ്മാണം പൂർത്തിയായി. കൂടൽമാണിക്യ ക്ഷേത്ര വടക്കേ നടയിൽ എസ്എംവി റോഡിലുളള സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ പത്തിന് ഹൈക്കോടതി ജഡ്ജി സി എസ് ഡയാസ് നിർവഹിക്കും. എണ്ണായിരം ചതുരശ്ര അടിയിൽ ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളോടെ രണ്ട് കോടി രൂപ ചിലവിലാണ് നിർമ്മാണം പൂർത്തീകരിച്ചതെന്ന് സേവാഭാരതി പ്രസിഡണ്ട് നളിൻ എസ് മേനോൻ , സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ മുൻ ഡിജിപി ജേക്കബ്ബ് തോമസ്, സേവാഭാരതി അധ്യക്ഷൻ ഡോ രഞ്ജിത്ത് വിജയ ഹരി, ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി ഇ ബി മേനോൻ തുടങ്ങിയവർ പങ്കെടുക്കും. മാടായിക്കോണത്ത് വയോജനങ്ങളായ സ്ത്രീകൾക്കായുള്ള സേവ നിലയം, താലൂക്ക് ആശുപത്രിയിൽ നിത്യേനയുളള അന്നദാനം, മെഡിസെൽ വിദ്യാഭ്യാസ സമിതി, ആംബുലൻസ്, കാട്ടൂരിൽ ഭിന്നശേഷി ക്കാർക്കുയുള്ള സ്വാശ്രയനിലയം , എടക്കുളത്ത് മാനസിക വൈകല്യമുള്ളവർക്കായുള്ള ബോധിനി എന്നീ സ്ഥാപനങ്ങൾ സേവാഭാരതിയുടെ നേത്യത്വത്തിൽ ഇപ്പോൾ പ്രവർത്തിച്ച് വരുന്നുണ്ട്. ട്രഷറർ കെ ആർ സുബ്രമണ്യൻ, നിർമ്മാണ സമിതി കൺവീനർ സതീഷ് പള്ളിച്ചാടത്ത് , വാനപ്രസ്ഥാശ്രമം ചെയർമാൻ ഗോപിനാഥ് പീടികപ്പറമ്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.