ഇരിങ്ങാലക്കുട നഗരസഭയുടെ ഈവനിംഗ് മാർക്കറ്റിന് മരണമണി ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്കിന്റെ ടേക്ക് ഓഫ് നീളുന്നതിൽ നഗരസഭ യോഗത്തിൽ വിമർശനം …

ഇരിങ്ങാലക്കുട നഗരസഭയുടെ ഈവനിംഗ് മാർക്കറ്റിന് മരണമണി ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്കിന്റെ ടേക്ക് ഓഫ് നീളുന്നതിൽ നഗരസഭ യോഗത്തിൽ വിമർശനം …

ഇരിങ്ങാലക്കുട : ലാഭകരമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ ഈവനിംഗ് മാർക്കറ്റ് അടച്ച് പൂട്ടാൻ നഗരസഭ യോഗത്തിൽ തീരുമാനം. മാർക്കറ്റിലെ സ്റ്റാളുകൾ ലേലത്തിൽ പോകുന്നില്ലെന്നും കൗൺസിൽ നിശ്ചയിച്ച നിരക്കിൽ ഫീസ് പിരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണെന്നും ഇത് സംബന്ധിച്ച് യോഗത്തിന് മുമ്പാകെ വന്ന അജണ്ടയിൽ വ്യക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിൽ വേറെ ഫിഷ് മാർക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ ഈവനിംഗ് മാർക്കറ്റ് പൂട്ടരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്ലാൻ ഫണ്ടിൽ നിന്നുള്ള ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ അടഞ്ഞ് കിടക്കുന്നതിൽ യോഗത്തിൽ വിമർശനം ഉയർന്നു. തദ്ദേശ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത പൂതംക്കുളം മൈതാനത്തുള്ള ടേക്ക് എ ബ്രേക്കിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബനാണ് വിമർശനം ഉയർത്തിയത്. ടേക്ക് എ ബ്രേക്കിന്റെ നടത്തിപ്പിനായി ഒരു വർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ള പത്തര ലക്ഷം രൂപ പ്രയോഗികമല്ലെന്നും നിരക്ക് പുനർനിർണ്ണയിക്കണമെന്നും സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. സമാനമായ അവസ്ഥയിൽ കസ്തൂർബാ ഷോപ്പിംഗ് കോംപ്ലക്സിലെ മുറികളും അടഞ്ഞ് കിടക്കുകയാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയും ആവശ്യപ്പെട്ടു. മാർക്കറ്റിലെ മൽസ്യമാർക്കറ്റിലും പൊറത്തിശ്ശേരി മേഖലയിലെ കെട്ടിടങ്ങളിലും മുറികൾ ലേലമെടുക്കാൻ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണെന്നും സെക്യൂരിറ്റി ഡിപ്പോസിറ്റും ലൈസൻസ് ഫീസും പ്രായോഗികമാകണമെന്നും ബിജെപി അംഗത്തിന്റെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. ടേക്ക് എ ബ്രേക്ക് ലേലം കൊള്ളുന്നത് വരെ നഗരസഭ നേരിട്ട് നടത്താമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. ലേലത്തിൽ പങ്കെടുത്തവരുമായി ധാരണയിലെത്തി നടത്തിപ്പ് എല്പിക്കാമെന്ന് ചെയർപേഴ്സൺ പറഞ്ഞുവെങ്കിലും ഇത് ചട്ടവിരുദ്ധമാകുമെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. രണ്ട് തവണ ടെണ്ടർ ചെയ്തിട്ടും കാര്യമുണ്ടായില്ലെന്നും തദ്ദേശ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത പദ്ധതി മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയാത്ത അവസ്ഥയാണെന്നും സെക്രട്ടറി പറഞ്ഞു. ടേക്ക് എ ബ്രേക്കിന്റെ നടത്തിപ്പിനായി ഒരു ദിവസത്തേക്ക് ആയിരം രൂപ വാടക എന്ന് നിശ്ചയിക്കണമെന്നും തനത് വരുമാനം വർധിപ്പിക്കണമെന്ന ആഗ്രഹങ്ങൾ ഒക്കെ നല്ലതാണെന്നും എന്നാൽ പ്രായോഗികമാകണമെന്നും സന്തോഷ് ബോബൻ പറഞ്ഞു. ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നിരക്ക് നിർണ്ണയിക്കാൻ ഫൈനാൻസ് കമ്മിറ്റിക്ക് വിടാൻ യോഗം തീരുമാനിച്ചു.
നഗരസഭ മൈതാനം വിവിധ ടൂർണ്ണമെന്റുകൾക്കായി വാടക ഈടാക്കി നല്കുന്നതും യോഗത്തിൽ ചർച്ചാ വിഷയമായി. മൈതാനത്തെക്കുറിച്ച് ചിലർ ആവശ്യമില്ലാത്ത ആശങ്കകൾ ഉയർത്തുകയാണെന്ന് സന്തോഷ് ബോബൻ പറഞ്ഞപ്പോൾ , സംഘടനകളിൽ നിന്ന് വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നതെന്ന് എൽഡിഎഫ് അംഗം സി സി ഷിബിൻ കുറ്റപ്പെടുത്തി. വാടക നല്കാതെ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കിയാണ് ഒരു സ്വകാര്യ വ്യക്തി ഫുട്ബോൾ പരിശീലനം നൽകി വരുന്നതെന്ന് ഭരണകക്ഷി അംഗം എം ആർ ഷാജു ആരോപിച്ചു.
സെന്റ് തോമസ് കത്തീഡ്രൽ വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 160 വർഷത്തെ പഴക്കമുള്ള നഗരസഭയുടെ കീഴിലുള്ള മുകുന്ദപുരം ജിഎൽപിഎസ് സ്കൂൾ കെട്ടിടത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാധ്യതകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. സ്കൂളിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് നിലനിറുത്തണമെന്നും അല്ലെങ്കിൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
2023 – 24 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ഫെബ്രുവരി 9 ന് നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: