അശാസ്ത്രീയ റോഡ് നിർമ്മാണം കേരളത്തിൽ വൻതോതിൽ മണ്ണിടിച്ചിലിന് കാരണമാകുന്നതായി പഠന റിപ്പോർട്ട് …

അശാസ്ത്രീയ റോഡ് നിർമ്മാണം കേരളത്തിൽ വൻതോതിൽ മണ്ണിടിച്ചിലിന് കാരണമാകുന്നതായി പഠന റിപ്പോർട്ട് …

ഇരിങ്ങാലക്കുട : അശാസ്ത്രീയമായ റോഡ് നിർമ്മാണം കേരളത്തിൽ ഉരുൾപൊട്ടലുകൾക്ക് കാരണമാകുന്നതായി ക്രൈസ്റ്റ് കോളേജിൽ ജിയോളജി വകുപ്പ് സംഘടിപ്പിച്ച സെമിനാറിന്റെ വിലയിരുത്തൽ . ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് ജിയോളജി ആന്റ് എൻവയോൺമെന്റൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ‘ജിയോളജി: എമർജിംഗ് മെത്തേഡ്‌സ് ആൻഡ് ആപ്ളിക്കേഷൻസ് (GEM-2023)’ എന്ന വിഷയത്തിൽ നടന്ന മൂന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ ഐസർ മൊഹാലിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. യൂനസാണ് കേരളത്തിലെ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് സംസാരിച്ചത്.
വലിയ ഉരുൾപൊട്ടൽ ലഘൂകരിക്കുന്നതിന് റോഡ് നിർമ്മാണത്തിലെ ഡ്രെയിനേജ് വികസനത്തിന് പ്രാധാന്യമുണ്ട്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തലവനായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, ‘കേരളത്തിൽ ഒരു സുരക്ഷിത ദുരന്തനിവാരണം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി രജിസ്‌ട്രാർ പ്രൊഫ.ഡോ. കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്ത സമ്മേളനം പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മഹാരാഷ്ട്ര സെൻട്രൽ റീജിയൻ ഡയറക്ടർ ഡോ. വി. വി. ശേഷ സായ് ഭൂമിയുടെ പുറംതോടിന്റെ പരിണാമത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) തിരുവനന്തപുരം, മിനിസ്ട്രി ഓഫ് എർത്ത് സയൻസ് (MoES) ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (കെഎസ്ഡിഎംഎ), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെഎസ്സിഎസ്ടിഇ), പോളിഷ് അക്കാദമി ഓഫ് സയൻസസ് പോളണ്ട്, കറ്റാലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ ആർക്കിയോളജി സ്പെയിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് പൂനെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്, ഐഎസ്ആർഒ എന്നിവയുൾപ്പെടെ രാജ്യത്തും വിദേശത്തുമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും ശാസ്ത്രജ്ഞരും സമ്മേളനത്തിൽ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ 37-ലധികം സ്ഥാപനങ്ങളിൽ നിന്നായി 78 ഓളം ഗവേഷകർ പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. തരുൺ ആർ സ്വാഗതവും ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വിഭാഗം മേധാവിയും കോൺഫറൻസ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ലിന്റോ ആലപ്പാട്ട് നന്ദിയും പറഞ്ഞു.

Please follow and like us: