ബിബിസി യുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ ചൊല്ലി ക്രൈസ്റ്റ് കോളേജിൽ സംഘർഷം; പ്രദർശനം വിലക്കി മാനേജ്മെന്റ് ; മൊബൈലിൽ പ്രദർശിപ്പിച്ച് കോളേജ് യൂണിയൻ …

ബിബിസി യുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ ചൊല്ലി ക്രൈസ്റ്റ് കോളേജിൽ സംഘർഷം; പ്രദർശനം വിലക്കി മാനേജ്മെന്റ് ; മൊബൈലിൽ പ്രദർശിപ്പിച്ച് കോളേജ് യൂണിയൻ …

 

ഇരിങ്ങാലക്കുട : 2002 ലെ ഗുജറാത്ത് കലാപത്തെ ആധാരമാക്കി ബിബിസി ചിത്രീകരിച്ച ‘ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ‘ പ്രദർശിപ്പിക്കുന്നതിനെ ചൊല്ലി ക്രൈസ്റ്റ് കോളേജിൽ സംഘർഷം. എസ്എഫ്ഐ നേത്യത്വം നല്കുന്ന കോളേജ് യൂണിയന്റെ നേത്യത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കോളേജ് ഓഡിറ്റോറിയത്തിന് മുൻപിൽ പ്രദർശിപ്പിക്കാനാണ് യൂണിയൻ തീരുമാനിച്ചത്. ഇതിനായി കോളേജ് അധികൃതരുടെ അനുമതി തേടിയിരുന്നുവെങ്കിലും കോളേജ് മാനേജ്മെന്റ് അനുമതി നൽകിയിരുന്നില്ല. മാനേജ്മെന്റ് വിലക്കിനെ മറികടന്ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ട് മാനേജ്മെന്റ് പോലീസിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് രണ്ടരയോടെ തന്നെ വൻ പോലീസ് സംഘം കോളേജ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. മൂന്ന് മണിയോടെ എസ്എഫ്ഐ എരിയ പ്രസിഡണ്ട് കെ വി മിഥുൻ , യുയുസി ഭരത് ജോജി എന്നിവരുടെ നേത്യത്വത്തിൽ എത്തിയ വിദ്യാർഥികൾ തങ്ങളെയും സംപ്രേഷണത്തിന് ആവശ്യമായ ഉപകരണങ്ങളുമായി എത്തിയ വണ്ടിയെയും അകത്ത് കടന്ന് വിടണമെന്ന് ആവശ്യപ്പെട്ട് അടച്ചിട്ടിരുന്ന മെയിൻ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ചു. പോലീസ് ഇവരെ പിടിച്ച് മാറ്റിയതോടെ , വിദ്യാർഥികൾ പ്രദർശനം കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ച് അങ്ങോട്ട് നീങ്ങി. എന്നാൽ ക്യാംപസിന് അകത്ത് പ്രദർശനം അനുവദിക്കില്ലെന്ന നിലപാടിൽ മാനേജ്മെന്റ് ഉറച്ച് നിന്നു. ജെഎൻയുവിലും കോഴിക്കോട് സർവകലാശാലയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചതാണെന്നും ക്രൈസ്റ്റിൽ പ്രദർശനം വിലക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കണമെന്നും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പ്രദർശനം അനുവദിക്കാൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, സ്റ്റാഫ് അഡ്വൈസർ പ്രൊഫ അനിൽകുമാർ എന്നിവർ വിദ്യാർഥികളോട് വീണ്ടും വ്യക്തമാക്കി. മാനേജ്മെന്റിന്റെ അഭ്യർഥന മാനിച്ച് പ്രദർശനത്തിൽ നിന്ന് പിൻമാറണമെന്ന് സിഐ അനീഷ് കരീമും വിദ്യാർഥികളോട് ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ ക്യാംപസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചതാണെന്നും ക്രൈസ്റ്റിലും പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥികൾ ആവർത്തിച്ചു. തുടർന്ന് ഗ്രൗണ്ടിലേക്ക് നീങ്ങിയ വിദ്യാർഥികൾക്ക് യൂണിയൻ ഭാരവാഹികൾ ഡോക്യമെന്ററിയുടെ ലിങ്ക് അയച്ച് കൊടുക്കുകയും എല്ലാവരും മൊബൈലിൽ ഡോക്യുമെന്ററി വീക്ഷിക്കുകയും ചെയ്തു. എസ്എഫ്ഐ ജില്ലാ വൈസ് – പ്രസിഡണ്ട് വിഷ്ണു പ്രഭാകർ , യൂണിയൻ ചെയർപേഴ്സൻ അമീഷ മനോഹരൻ , ആർട്സ് സെക്രട്ടറി ഹൈസൽ, യുയുസി ഭരത് ജോജി, വൈസ് – ചെയർപേഴ്സൺ സഹാല എന്നിവർ നേത്യത്വം നൽകി.

Please follow and like us: