റിപ്പബ്ലിക് ദിനത്തിൽ ചരിത്ര പ്രദർശനവുമായി നൂറ്റൊന്നംഗസഭ; വിഭജനമടക്കമുള്ള തീക്ഷ്ണമായ ഓർമ്മകളാണ് സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനാഘോഷചടങ്ങുകൾ ഉണർത്തുന്നതെന്ന് ആനന്ദ് …
ഇരിങ്ങാലക്കുട : റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് നൂറ്റൊന്നംഗ സഭ സംഘടിപ്പിച്ച ചരിത്രപ്രദർശനം ശ്രദ്ധേയമായി.വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങളിലൂടെ പഴയ നാട്ടുരാജ്യങ്ങളുടെയും ഭാരതത്തിൻ്റെയും ചരിത്രവും തപാൽ സ്റ്റാമ്പുകളിലൂടെ മഹാത്മജിയുടെ ഭാരത പര്യടനവും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിലാണ് പ്രദർശനം ഒരുക്കിയത്.കേരളത്തിൽ മലബാർ, തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിലനിന്നിരുന്ന നാണയങ്ങളും, സ്വാതന്ത്യസമര നായകരെ ആദരിച്ചുകൊണ്ട് അതാതു കാലങ്ങളിൽ ഭാരത സർക്കാർ പുറത്തിറക്കിയിട്ടുള്ള നാണയങ്ങളുടെയും, സ്റ്റാമ്പുകളുടെയും വിപുലമായ ശേഖരമാണ് പ്രദർശിപ്പിക്കുന്നത് . ഇതോടനുബന്ധിച്ച് സ്ക്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായുള്ള പ്രസംഗ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യകാരൻ ആനന്ദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിഭജനം അടക്കമുള്ള ദുഖകരമായ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ് സ്വാതന്ത്ര്യ , റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ഉണർത്തുന്നതെന്ന് ആനന്ദ് പറഞ്ഞു. ദേശീയ സമരത്തെക്കുറിച്ച് പുതിയ തലമുറക്കുള്ള അറിവ് പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു. സഭ ചെയർമാൻ പി ഇ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സനൽകുമാർ , ഡോ ഹരീന്ദ്രനാഥ്, പി രവിശങ്കർ , പി കെ ശിവദാസ് ,എം കെ സേതുമാധവൻ, പി കെ ജിനൻ തുടങ്ങിയവർ പങ്കെടുത്തു.