ഓൺലൈൻ തട്ടിപ്പ്;പാൻ കാർഡ് അപ്ഡേഷനുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന കേസ്സിലെ പ്രധാനി ഇരിങ്ങാലക്കുട സൈബർ പോലീസ് ടീമിന്റെ പിടിയിൽ …
ഇരിങ്ങാലക്കുട : പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിങ്ങ് തടസ്സപ്പെടുമെന്നും കാണിച്ച് ഫോണിലേക്ക് എസ്ബിഐ ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് വഴി അയച്ച് കൊടുത്ത് പണം തട്ടുന്ന കേസ്സിലെ പ്രധാനിയെ കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊൽക്കത്ത ബെഹല മൊണ്ടാൽപര റോഡിൽ സൈമൺ ലാൽ ( 28 )എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ ബി.കെ സുനിൽ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ 16 നാണ് കേസ്സിന് ആസ്പദമായ സംഭവമുണ്ടായത്. ചെന്ത്രാപ്പിന്നി സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിൻ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നിധിന്റെ ഫോണിലേക്ക് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്ബിഐ ബാങ്കിന്റെ പേരിൽ ലിങ്ക് എസ്എംഎസ് ആയി വന്നിരുന്നു. ആ ലിങ്കിൽ ക്ളിക്ക് ചെയ്തപ്പോൾ എസ്ബിഐ യോനോ യുടേതെന്ന് തോന്നിക്കുന്ന വെബ്ബ്സൈറ്റ് തുറന്ന് വരികയായിരുന്നു. ഒറിജിനൽ സൈറ്റാണെന്ന് ധരിച്ച് പരാതിക്കാരൻ തന്റെ യോനോയുടെ യൂസർ നെയിമും പാസ്സ് വേഡും ഫോണിലേക്ക് വന്ന ഒടിപി യും വ്യാജ സൈറ്റിൽ എന്റർ ചെയ്യുകയായിരുന്നു. ബാങ്ക് വിവരങ്ങൾ കൊടുത്ത നിമിഷം തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപ നഷ്ടപ്പെട്ട മെസ്സേജ് നിധിന് വന്നു. അപ്പോഴാണ് താൻ വിവരങ്ങൾ നല്കിയ സൈറ്റ് വ്യാജമാണെന്ന് പരാതിക്കാരന് മനസ്സിലായത്. താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ പിന്നീട് തന്റെ മൊബൈലിലേക്ക് വന്ന രണ്ട് ലക്ഷം രൂപയുടെ ഒടിപി സൈറ്റിൽ എന്റർ ചെയ്യാതെ ഇരിങ്ങാലക്കുടയിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ ഹാജരായി പരാതി കൊടുക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണത്തിനായി സൈബർ ടീം രൂപികരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടത് ഫ്ളിപ്പ്കാർട്ട് വഴിയുള്ള ഓൺലൈൻ പർച്ചേയ്സിലൂടെയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒരുലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്ന മൂന്ന് മൊബൈൽ ഫോണുകളും ഇരുപത്തി അയ്യായിരം രൂപ വിലവരുന്ന മറ്റ് രണ്ട് മൊബൈൽ ഫോണുകളും ഇയർബഡുകളും ഓൺലൈനിലുടെ പർച്ചെയ്സ് ചെയ്തു. പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ പ്രസ്തുത ഫോണുകൾ ഉപയോഗിക്കാതെ കൊൽക്കത്തയിലുള്ള മൊബൈൽ ഷോപ്പുകൾ വഴി മറ്റുവള്ളവർക്ക് മറിച്ച് വിറ്റ് പണം സമ്പാദിക്കുകയായിരുന്നു. ഓൺലൈൻ പർച്ചേയ്സിന്റെ വിവരങ്ങൾ അന്വേഷണ സംഘം ഫ്ളിപ്പ്കാർട്ടിൽ നിന്ന് ശേഖരിച്ച് പരിശോധിച്ചതിൽ തട്ടിപ്പിന്റെ സൂത്രധാരൻ ജാർഖണ്ഡ് കേന്ദ്രമാക്കി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ സ്ഥിരം ചെയ്യുന്നയാളാണെന്നും ഇത്തരത്തിൽ ഓൺലൈൻ ആയി കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കന്ന ഫോണുകൾ വെസ്റ്റ് ബംഗാൾ കേന്ദ്രമാക്കിയാണ് വിൽപ്പന നടത്തിവരുന്നു എന്ന് സൈബർസെൽ മുഖാന്തിരം മനസ്സിലാക്കി. തുടർന്ന് അന്വേഷണ സംഘം രണ്ട് ടീമുകളായി തിരിഞ്ഞ് ജാർഖണ്ഡിലും കൊൽക്കത്തയിലും രണ്ടാഴ്ച്ച താമസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് മുഖേന വാങ്ങിയ മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മൊബൈൽഫോണുകളും വിൽപ്പനക്കായി കൊണ്ട് വന്നിരുന്ന 80000 രൂപയുടെ ഐഫോണും പ്രതിയുടെ പക്കൽ നിന്ന് പോലീസ് കണ്ടെത്തി. പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകൾ , സിംകാർഡുകൾ തുടങ്ങിയവയുടെ വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്. കേരളം ആധാരമാക്കി നടന്നിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ പ്രധാനിയാണ് അറസ്റ്റിലായ സൈമൺ ലാൽ. ഈ കേസ്സിലേക്ക് ഇനി കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കേരളത്തിൽ സമാന തട്ടിപ്പ് നടന്ന മറ്റ് ജില്ലാ സൈബർ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ച് കൊടുത്ത് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. അന്വേഷണ സംഘത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ടി.എം.കശ്യപൻ, ഗോപികുമാർ.വി, ഉദ്യോഗസ്ഥരായ പി.പി.ജയകൃഷണൻ, മനോജ്, ബെന്നി ജോസഫ്, സി.പി.ഒ മാരായ എച്ച്.ബി. നെഷ്റു, അജിത്ത്കുമാർ.കെ.ജി, ഷനൂഹ്.സി.കെ എന്നവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.