പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ 26, 27 , 28 തീയ്യതികളിൽ പദയാത്രയുമായി ബിജെപി; സ്വീകരണം മുപ്പതോളം കേന്ദ്രങ്ങളിൽ …
ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ പദയാത്രയുമായി ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. കരുവന്നൂർ സമരഭൂമിയിൽ (ബംഗ്ലാവ് ) നിന്ന് മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്ര ജനുവരി 26 ന് രാവിലെ 9 ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്യും. കരുവന്നൂർ ബാങ്കിൽ നടന്ന കൊള്ളയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ നിന്ന് കുങ്കുമരഹിത പതാക എറ്റുവാങ്ങി ആരംഭിക്കുന്ന പദയാത്ര പൊറത്തിശ്ശേരി , കാറളം, കാട്ടൂർ , പടിയൂർ,ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലെ 30 ഓളം സ്വീകരണങ്ങൾ എറ്റ് വാങ്ങി 28 ന് വൈകീട്ട് സമാപിക്കും. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാക്യഷ്ണൻ ഉദ്ഘാടനം ചെയ്യും. 200 ഓളം പേർ പദയാത്രയിൽ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ സി വേണു മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട , മണ്ഡലം ജന. സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം ഭാരവാഹികളായ സണ്ണി കവലക്കാട്ട്, രമേശ് അയ്യർ, ആർച്ച അനീഷ് എന്നിവർ ഇത് സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.