ഇരിങ്ങാലക്കുട കഥകളി ക്ലബിന്റെ വാർഷികവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍…

ഇരിങ്ങാലക്കുട കഥകളി ക്ലബിന്റെ വാർഷികവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍…

ഇരിങ്ങാലക്കുട: കഥകളി ക്ലബിന്റെ നാല്പത്തിയെട്ടാം വാര്‍ഷികാഘോഷവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും ജനുവരി 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. 29ന് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ കോട്ടയ്ക്കല്‍ ഗോപി നായര്‍, ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍, മാങ്ങോട് അപ്പുണ്ണിത്തരകന്‍ എന്നിവരെ നവതി പ്രണാമം ചെയ്ത് ആദരിക്കും. കലാമണ്ഡലം എംപിഎസ് നമ്പൂതിരി, കോട്ടക്കല്‍ നാരായണന്‍ എന്നിവര്‍ക്ക് കഥകളി പുരസ്‌കാരവും, കെ.വി. വിസ്മയക്ക് കഥകളി എന്‍ഡോവ്‌മെന്റും സമ്മാനിക്കും. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ച ഡോ. സദനം കൃഷ്ണന്‍കുട്ടി, കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, പെരുവനം കുട്ടന്‍മാരാര്‍, നിര്‍മ്മല പണിക്കര്‍, ശ്രീലക്ഷി ഗോവര്‍ദ്ധന്‍, അനുപമ മേനോന്‍, സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം ആദിത്യന്‍ എന്നിവരെ അനുമോദിക്കുന്ന വേദിയില്‍ കഥകളി ക്ലബിന്റെ മുന്‍ ഭരണസമിതിയംഗങ്ങള്‍ക്ക് അശീതിയാദരണവും നടത്തും.നടന കൈരളി ചെയര്‍മാന്‍ വേണുജിയുടെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി തിരിതെളിയിച്ച് വാര്‍ഷികാഘോഷത്തിന് തുടക്കം കുറിക്കും. അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിലെ കലാസാംസ്‌കാരിക സംഘാടകരംഗത്ത് വേറിട്ട ചുവടുവയ്പ്പുകളോടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രായഭേദമന്യേ അനിയേട്ടന്‍ എന്നു സര്‍വരാലും വിളിക്കപ്പെടുന്ന അനിയന്‍ മംഗലശ്ശേരിയുടെ സപ്തതി ആഘോഷം 28ന് ആഘോഷിക്കും.പദ്മശ്രീ ഡോ. കലാമണ്ഡലം ഗോപി ഉദ്ഘാടനം നിര്‍വഹിക്കും. കേരള കലാ മണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ സന്നിഹിതരായിരിക്കും. വൈകീട്ട് നാലിന് നടക്കുന്ന ആദര സമ്മേളനം ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക സംഗമം ഇരിങ്ങാലക്കുടയിലെ കലാ സാംസ്‌കാരികരംഗത്ത് ഒരു നാഴികക്കല്ലായി മാറുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ്, സംഘാടകസമിതി കണ്‍വീനര്‍ രമേശന്‍ നമ്പീശന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കഥകളി ക്ലബ് വൈസ് പ്രസിഡന്റ് എ എസ് സതീശന്‍, ട്രഷറര്‍ പി എന്‍ ശ്രീരാമന്‍, ഡോ. ബി പി അരവിന്ദ്, പ്രദീപ് നമ്പീശന്‍, പ്രൊഫ. മൂവീഷ് മുരളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Please follow and like us: