ആക്രി ശേഖരണത്തിന്റെ മറവിൽ വൻമോഷണം; ഉത്തരേന്ത്യൻ സംഘം പിടിയിൽ;മോഷ്ടിച്ചത് പതിനൊന്ന് ലക്ഷത്തോളം രൂപയുടെ ഇറ്റാലിയൻ നിർമ്മിതയന്ത്ര ഭാഗങ്ങൾ …
ചാലക്കുടി: പുതുക്കാടിന് സമീപം വ്യവസായ ഗ്രൂപ്പിന്റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടു പൊളിച്ച് ലക്ഷങ്ങൾ വിലയുള്ള വിദേശ നിർമ്മിത യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ആക്രി ശേഖരിക്കുന്ന ഉത്തരേന്ത്യൻ സംഘാംഗങ്ങളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യപ്രശാന്ത് ദോംഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ പിടികൂടി.ഉത്തർപ്രദേശ് ഗാസിയാബാദ് വൈശാലി സെക്ടർ -5 സ്വദേശികളും കൊടകര ഉളുമ്പത്ത്കുന്നിൽ വാടകയ്ക്ക് താമസിച്ചുവരുന്നവരുമായ റഹീം കബീർഷേക്ക് (20 വയസ്), കബീർഷേക്ക് (52 വയസ്), മുഹമ്മദ് രബിയുൾ (27 വയസ്) കൊൽക്കത്ത മൂർഷിദാബാദ് സ്വദേശിമുഹമ്മദ് നസീൻ (30 വയസ്)എന്നിവരാണ് മോഷണക്കേസിൽ പിടിയിലായത്.
കഴിഞ്ഞ ഒൻപതാം തീയതി പുലർച്ചെയാണ് പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ ഗേറ്റിന്റെയും ഫാക്ടറിയുടെയും വാതിലിന്റെയും പൂട്ടുതകർത്തു മോഷണം നടന്നത്. 2018 ലെ പ്രളയത്തെത്തുടർന്ന് ഫാക്ടറി പ്രവർത്തിക്കാതെ കിടക്കുകയായിരുന്നു. ഒൻപതാം തീയതി രാവിലെ സ്ഥാപനത്തിന്റെ ഗേറ്റ് തുറന്നു കിടക്കുന്ന കണ്ട് സമീപത്തു താമസിക്കുന്ന മുൻ ജീവനക്കാരൻ ഫാക്ടറിയുമായി ബന്ധപെട്ടവരേയും കൂട്ടി നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന വിദേശ നിർമ്മിത യന്ത്രങ്ങളുടെ ഭാഗങ്ങൾ മോഷണം പോയതായി മനസിലായത്. ഉടൻ പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുക്കാട് പോലീസും ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘവും മോഷണ സ്ഥലത്തും പരിസരത്തും പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല.
സമീപത്തെയും സംഭവ സ്ഥലത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ വശങ്ങളിലെ നാൽപതിലേറെ സിസിടിവി പരിശോധിച്ചപ്പോൾ ലഭിച്ച സംശയാസ്പദമായികണ്ട വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളുടെ സങ്കേതം കണ്ടെത്തിയത്.
കൊടകര കൊളത്തൂരിലെ ആക്രി ശേഖരിക്കുന്ന പ്രസ്തുത സംഘത്തിന്റെ വാസസ്ഥലത്ത് മോഷ്ടാക്കളെത്തിയ ടാറ്റാ എയ്സ് വാഹനവും ഇരു ചക്ര വാഹനവും കണ്ടെത്തി. ഇവിടെ നിന്നും പിടികൂടിയവരെ ചോദ്യം ചെയ്തതിൽ നിന്നും മോഷണത്തിന്റെ വിവരങ്ങൾ ലഭിക്കുകയും മോഷണം പോയ യന്ത്ര ഭാഗത്തിന്റെ കുറച്ച് കണ്ടെടുക്കുകയും ചെയ്തു.
വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ മോഷണ വസ്തുക്കൾ കണ്ടെത്താനായിട്ടില്ല. നാലു ദിവസം കൂടുമ്പോൾ ആക്രി സാധനങ്ങൾ കയറ്റി അയക്കുന്നതിനാൽ അവയോടൊപ്പം കയറ്റിവിട്ടതായി സംശയിക്കുന്നു. സാധനസാമഗ്രികൾ ഇവർ കൊണ്ടുവരുന്നതിന്റേയോ വിൽപന നടത്തുന്നതിന്റേയോ വിവരങ്ങൾ സൂക്ഷിക്കുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല മാത്രമല്ല പിടിയിലായവർ പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത മനോഭാവത്തിലുമാണ്. ഇവർക്ക് പുറമേ നിന്നുള്ള സഹായം ലഭിക്കുന്നുണ്ടോ എന്നതടക്കമുള്ള വിവരങ്ങളെപ്പറ്റി കൃത്യമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെയും പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സുനിൽദാസിന്റെയും നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർ സൂരജ് , ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, പുതുക്കാട് സ്റ്റേഷനിലെ സീനിയർ സിപിഒ ജിജോ പി.എം, സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത് എൻ.വി, സുജിത് കുമാർ പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോടതിയിൽ ഹാജരക്കി പ്രതികളെ റിമാന്റ് ചെയ്തു.