പൊറത്തിശ്ശേരി മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നില്ലെന്ന വിമർശനവുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷം; മാടായിക്കോണം സബ്- സെന്ററിൽ വെൽനെസ്സ് സെന്ററിനായി പ്രത്യേക അനുമതി തേടാൻ യോഗ തീരുമാനം …

പൊറത്തിശ്ശേരി മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നില്ലെന്ന വിമർശനവുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷം; മാടായിക്കോണം സബ്- സെന്ററിൽ വെൽനെസ്സ് സെന്ററിനായി പ്രത്യേക അനുമതി തേടാൻ യോഗ തീരുമാനം …

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടക്കുന്നില്ലെന്നും മേഖലയെ അവഗണിക്കുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി അംഗം ടി കെ ഷാജുവാണ് വിഷയം ഉന്നയിച്ചത്. പട്ടണത്തിൽ പെരുന്നാളിന് മുന്നോടിയായി വിവിധ റോഡുകളിലെ അറ്റകുറ്റപ്പണികൾ നടന്നപ്പോൾ , പൊറത്തിശ്ശേരി മേഖലയിൽ ഉൽസവക്കാലമായിട്ടും പണികൾ നടന്നിട്ടില്ലെന്നും മേഖലയെ അവഗണിക്കുകയാണെന്നും ടി കെ ഷാജു പറഞ്ഞു. പണികൾ പൂർത്തീകരിക്കാൻ ശ്രമിച്ചതാണെന്നും പണികൾ എറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യമാണെന്നും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൻ പാറേക്കാടൻ പറഞ്ഞു. പൊറത്തിശ്ശേരി മേഖലയെ ടെണ്ടറുകൾ എറ്റെടുക്കാൻ മാത്രം കരാറുകാർ തയ്യാറാകാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് എൽഡിഎഫ് അംഗം സി സി ഷിബിൻ പറഞ്ഞു. ചെറിയ കുഴികൾക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കുമ്പോൾ ബില്ല് കിട്ടില്ലെന്നും വിഷയം നേരത്തെ പറഞ്ഞിരുന്നില്ലെന്നും മുനിസിപ്പൽ എഞ്ചിനീയർ വിശദീകരിച്ചു.
മാടായിക്കോണം സബ്സെന്ററിൽ വെൽനെസ്സ് സെന്റർ ആരംഭിക്കാൻ പ്രത്യേക അനുമതിക്കായി സർക്കാറിലേക്കും ആരോഗ്യ മന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും അപേക്ഷ നല്കാൻ യോഗം തീരുമാനിച്ചു. ഇവിടെ വെൽനെസ്സ് സെന്റർ തുടങ്ങാൻ നേരത്തെ കൗൺസിൽ തീരുമാനിച്ചെങ്കിലും ജില്ലാ മെഡിക്കൽ ഓഫീസർ അനുമതി നിഷേധിച്ച സാഹചര്യത്തിലാണിത്. നിലവിലുള്ള സബ് സെന്ററുകളുടെ പദവി ഉയർത്തുന്ന പദ്ധതികൾ ഉള്ള സാഹചര്യത്തിലാണ് ജില്ലാ ആരോഗ്യ വിഭാഗം അനുമതി നിഷേധിച്ചത്.
നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ചില ഓവർസീയർമാരെ നിയന്ത്രിക്കണമെന്നും ചില ആൾക്കാർ പറഞ്ഞാൽ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളുവെന്ന സാഹചര്യമാണെന്നും ഭരണകക്ഷി അംഗം എം ആർ ഷാജു വിമർശിച്ചു. പ്രായോഗികമല്ലാത്ത ശൈലിയാണ് എഞ്ചിനീയറിംഗ് വിഭാഗം സ്വീകരിക്കുന്നതെന്നും കാര്യങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണെന്നും പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടനും കുറ്റപ്പെടുത്തി.
നഗരസഭയിൽ നിന്ന് നല്കുന്ന വിവിധ സർട്ടിഫിക്കറ്റുകൾക്ക് ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട യൂസർഫീ കാർഡ് എപ്രിൽ ഒന്ന് മുതൽ നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: