ഭിന്നശേഷി കുട്ടികൾക്കുള്ള ലയൺസ് സ്പെഷ്യൽ ഒളിമ്പിക്സ് ജനുവരി 21 ന് ഇരിങ്ങാലക്കുടയിൽ ; പങ്കെടുക്കുന്നത് മൂന്ന് ജില്ലകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ …
ഇരിങ്ങാലക്കുട:ലയൺസ് ക്ലബ് ഇന്റർനാഷണൽ തൃശ്ശൂർ ഡിസ്ട്രിക്ട് 318 ഡി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജനുവരി 21 ന് ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന സ്പെഷ്യൽ ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള സ്പെഷ്യൽ സ്കൂളുകളിലെ ആയിരത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ പോൾ തോമസ് മാവേലി, ജനറൽ കൺവീനർ ബിജു ജോസ് കൂനൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷുമ നന്ദകുമാർ ഉദ്ഘാടനം ചെയ്യും.ഫാ ജോയ് പീണിക്കപറമ്പിൽ, വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ ടോണി എനോക്കാരൻ, ജെയിംസ് വളപ്പില എന്നിവർ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്യും. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ ഐ പി എസ് സമ്മാനദാനം നിർവ്വഹിക്കും. സംഘാടകരായ റോയ് ജോസ് ആലുക്കൽ, കെ എൻ സുഭാഷ്, മനോജ് ഐബൻ, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.