75 ലക്ഷം രൂപയുടെ പദ്ധതികൾ ഭേദഗതി ചെയ്യാൻ ഇരിങ്ങാലക്കുട നഗരസഭയുടെ അടിയന്തരയോഗത്തിൽ തീരുമാനം ; കുട്ടംകുളം സംരക്ഷണമതിൽ നിർമ്മാണം നീണ്ട് പോകുന്നതിൽ യോഗത്തിൽ വിമർശനം …
ഇരിങ്ങാലക്കുട : എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ പദ്ധതികൾ ഭേദഗതി ചെയ്യാൻ ഇരിങ്ങാലക്കുട നഗരസഭയുടെ അടിയന്തര യോഗത്തിൽ തീരുമാനം. 2022-23 വാർഷിക പദ്ധതി ഭേദഗതി ചെയ്യാനും മാലിന്യ സംസ്കരണ പ്രൊജക്ടുകൾ പുതുതായി എറ്റെടുക്കുന്നതിനുമുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2022-23 വർഷത്തെ വാർഷിക പദ്ധതികളിൽ ഭേദഗതികൾ വരുത്തുന്നത്. ആകെ 24 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. നഗരസഭ മാർക്കറ്റ്, ടൗൺ ഹാൾ, ഹിൽപാർക്ക് എന്നിവടങ്ങളിൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിട്ടുണ്ട്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് തകർന്ന് വീണ കൂടൽമാണിക്യ ക്ഷേത്രം കുട്ടംകുളത്തിന്റെ സംരക്ഷണ മതിലിന്റെ പുനർ നിർമ്മാണം നീണ്ടു പോകുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. മതിൽ നിർമ്മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും ഇത് വരെ ഒന്നും നടന്നിട്ടില്ലെന്നും ഉൽസവമടുത്ത സാഹചര്യത്തിൽ അപകടങ്ങൾ ഉണ്ടാകുന്ന സാധ്യതകൾ കൂടുതലാണെന്നും ക്ഷേത്രം റോഡിന് ബലക്ഷയം ഉണ്ടാകുമെന്നും വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. ഇത് സംബന്ധിച്ച് ദേവസ്വം ഓഫീസിലേക്ക് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് നഗരസഭ സെക്രട്ടറിയും കഴിഞ്ഞ വാർഡ് സഭയിൽ വിഷയത്തെ ചൊല്ലി കനത്ത പ്രതിഷേധമാണ് ഉയർന്നതെന്ന് വാർഡ് കൗൺസിലർ സ്മിത ക്യഷ്ണകുമാറും പറഞ്ഞു.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് നഗരസഭ സംഘടിപ്പിച്ച ചടങ്ങിൽ ചെയർപേഴ്സന് താൽപര്യമുള്ളവർക്ക് മാത്രമാണ് സംസാരിക്കാൻ അവസരം കിട്ടിയതെന്നും എല്ലാ ചെയർമാൻമാരെയും ഒരു പോലെ കാണാൻ തയ്യാറാകണമെന്നും രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കാനും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാനുമാണ് ചെയർപേഴ്സൺ താൽപര്യം പ്രകടിപ്പിക്കുന്നതെന്നും ബിജെപി അംഗം സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. എന്നാൽ ചെയർമാൻ സ്ഥാനം ഉള്ളത് കൊണ്ടാണ് താൻ ചിത്രങ്ങളുടെ ഭാഗമാകുന്നതെന്നും ബിജെപി അംഗത്തിന് ചെയർമാൻ ആകാൻ സാധിക്കാത്തതിന്റെ നിരാശയാണെന്നും സദസ്സിൽ ഇരുന്നവർക്ക് വരെ സംസാരിക്കാൻ അവസരം നൽകിയെന്നും ചെയർപേഴ്സൺ പ്രതികരിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.