ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങൾ തരം മാറ്റാനുള്ള ശ്രമങ്ങൾക്ക് എതിരെ പ്രതിഷേധം ഉയരുന്നു ; ഭൂമി തണ്ണീർത്തടമായി തന്നെ നിലനിറുത്തണമെന്ന് കൃഷി വകുപ്പ് ; ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ; വിഷയം ആർഡിഒ വിന്റെ പരിഗണനയിലേക്ക് …

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങൾ തരം മാറ്റാനുള്ള ശ്രമങ്ങൾക്ക് എതിരെ പ്രതിഷേധം ഉയരുന്നു ; ഭൂമി തണ്ണീർത്തടമായി തന്നെ നിലനിറുത്തണമെന്ന് കൃഷി വകുപ്പ് ; ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ; വിഷയം ആർഡിഒ വിന്റെ പരിഗണനയിലേക്ക് …

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ മൂന്നര ഏക്കറോളം വരുന്ന തണ്ണീർത്തടം നികത്താനുള്ള ശ്രമങ്ങൾക്ക് എതിരെ പ്രതിഷേധം ഉയരുന്നു.ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ റോഡിന്റെ ഇരുവശങ്ങളിലുമായി കിടക്കുന്ന ഭൂമി തരം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് വിവാദമായിരിക്കുന്നത്. അടുപ്പിച്ച് രണ്ട് മഴ പെയ്താൽ വെള്ളത്തിൽ മുങ്ങുന്ന തെക്കേ നട റോഡിന്റെ ഇരുവശങ്ങളിലുള്ള ഭൂമിയാണ് തരം മാറ്റാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. കൊച്ചു കുട്ടികൾ പഠിക്കുന്ന ഭവൻസ് ബാലമന്ദിറിനെയും പരിസരത്തുള്ള നാല്പതോളം കുടുംബങ്ങളെയും കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്ന നടപടികൾക്കെതിരെ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു. നാലമ്പലദർശന സമയത്ത് തെക്കേ നടയിലെ നാനൂറ് മീറ്ററോളം ടാർ റോഡ് വെളളക്കെട്ട് മൂലം വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് സ്യഷ്ടിക്കുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാണിക്കുന്നു. മുകുന്ദപുരം താലൂക്കിൽ മനവലശ്ശേരി വില്ലേജിൽ 673 / 1 , 674/2 , 675/3, 675/4 എന്നീ സർവ്വെ നമ്പറുകളിലായിട്ടാണ് ഭൂമിയുള്ളത്. വിഷയം പരിഗണിച്ച പ്രാദേശികതല നിരീക്ഷണസമിതി അംഗങ്ങളിൽ ഒരാൾ ഭൂമി തണ്ണീർത്തടമായി തന്നെ നിലനിറുത്തണമെന്ന് രേഖപ്പെടുത്തിയപ്പോൾ , ഒരംഗം ഡാറ്റ ബാങ്കിൽ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. റോഡിന്റെ കിഴക്ക് ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡാറ്റ ബാങ്കിൽ തന്നെ നിലനിറുത്തണമെന്നും പടിഞ്ഞാറ് ഭാഗത്തുള്ള ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കണമെന്നും വില്ലേജ് ഓഫീസർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്ററിന്റെ 2007, 2010, 2016, 2021 ലെ ഭൂപടങ്ങളിൽ പ്രസ്തുത ഭൂമി തണ്ണീർത്തട സ്വഭാവത്തോട് കൂടിയാണ് കാണുന്നതെന്നും മുനിസിപ്പൽ റോഡിൽ നിന്നും താഴ്ന്ന് കിടക്കുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ധാരാളം മണ്ണടിച്ചാൽ വെളളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഭൂമി ഡാറ്റ ബാങ്കിൽ തന്നെ നിലനിറുത്തണമെന്നും കൃഷി ഓഫീസർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തണ്ണീർത്തട നിയമം വരുന്നതിന് മുമ്പ് ഭൂമി നികത്തിയിട്ടുളളതും നെൽകൃഷിക്ക് അനുയോജ്യമല്ലെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രസ്തുത ഭൂമിയിൽ നിന്ന് രാമൻചിറത്തോട്ടിലേക്ക് കനാൽ നിർമ്മിച്ച് ആശങ്ക ഒഴിവാക്കി ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കണമെന്നാണ് ചെയർപേഴ്സൺ സോണിയ ഗിരി രേഖപ്പെടുത്തിയിരിക്കുന്നത്. ചെയർപേഴ്സൺ ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായ പ്രാദേശിക തല നിരീക്ഷണ സമിതിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിനാൽ ഭൂമി തരം മാറ്റണമെന്ന ഉടമകളുടെ അപേക്ഷ ആർഡിഒ വിന്റെ പരിഗണനയ്ക്ക് വിടാൻ സമിതി തീരുമാനിക്കുകയായിരുന്നു. അതേസമയം തണ്ണീർത്തടം നികത്താനുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം പരിസരവാസികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി , കൃഷി വകുപ്പ് മന്ത്രി, ഡെപ്യൂട്ടി കളക്ടർ , വാർഡ് മെമ്പർ എന്നിവർക്ക് പരാതികൾ നൽകി കഴിഞ്ഞു.

Please follow and like us: