ആരോഗ്യ മേഖല കേരളത്തിന്റെ അഭിമാനമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; മഹാമാരിക്കാലത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് നേട്ടമെന്നും മന്ത്രി; ജനറൽ ആശുപത്രിയിൽ 12 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി…
ഇരിങ്ങാലക്കുട : മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളോടെ ആരോഗ്യമേഖല കേരളത്തിന്റെ അഭിമാനമായി മാറിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കോവിഡ് കാലത്ത് അന്തർദേശീയ നിലവാരമുള്ള വൈറോളജി ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കാൻ കഴിഞ്ഞ് വലിയ നേട്ടമാണെന്നും ഒട്ടേറെ രോഗങ്ങളുടെ കാരണങ്ങൾ കണ്ട് പിടിക്കാൻ ഇത് വഴി സാധിച്ചതായും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒ പി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . ജനറൽ ആശുപത്രിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. 3.4 കോടി രൂപ ചിലവഴിച്ചുള്ള ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം അടുത്ത മാസം പൂർത്തീകരിക്കും. 18 ലക്ഷം രൂപ ചിലവഴിച്ച് അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ സ്ഥാപിച്ച് കഴിഞ്ഞു. മണ്ഡലത്തിൽ ആനന്ദപുരം സിഎച്ച്സി യിൽ ഒരു കോടി രൂപയിൽ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചു . ഒരു കോടിയുടെ ഐസോലേഷൻ ബ്ലോക്കിന്റെ നിർമ്മാണം നടന്ന് വരികയാണ്. ഇവ പൂർത്തിയാകുന്നതോടെ ഐപി ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ , സന്ധ്യ നൈസൻ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ എസ് ധനീഷ്, ലത സഹദേവൻ, ഷീജ പവിത്രൻ , സീമ പ്രേംരാജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രൻ , മെമ്പർ ഷീല അജയഘോഷ്,നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി പി ശ്രീദേവി സ്വാഗതവും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ മിനിമോൾ എ എ നന്ദിയും പറഞ്ഞു. നബാർഡ് പദ്ധതി പ്രകാരം 12 കോടി രൂപയാണ് ജനറൽ ആശുപത്രിയിൽ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.