ഠാണാ – ചന്തക്കുന്ന് വികസന പദ്ധതി ; പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിർണയ പരിശോധനകൾക്ക് തുടക്കമായി…
ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ മൂല്യനിർണ്ണയം സംബന്ധിച്ച പരിശോധനക്ക് തുടക്കമായി. ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയമിച്ച പ്രത്യേക ലാന്റ് ആന്റ് അക്വസിഷൻ തഹസിൽദാറുടെ നിർദ്ദേശമനുസരിച്ച് പിഡബ്ല്യു കെട്ടിട വിഭാഗത്തിന്റെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് പൊളിക്കേണ്ട കെട്ടിടങ്ങൾ അളന്ന് എടുക്കുന്ന നടപടികൾ രണ്ട് ദിവസങ്ങളായി ആരംഭിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ ഘടന, പഴക്കം എന്നിവയെല്ലാം അടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കി മുകളിലേക്ക് സമർപ്പിക്കും. നേരത്തെ റവന്യൂ വിഭാഗത്തിന്റെ നേത്യത്വത്തിൽ റോഡ് വികസനത്തിനായി പൊളിക്കേണ്ട കെട്ടിടങ്ങൾ തിട്ടപ്പെടുത്തിയിരുന്നു. ഷൊർണ്ണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നിലയിൽ 11 മീറ്റർ ഉള്ള ഠാണാ – ചന്തക്കുന്ന് റോഡ് 17 മീറ്റർ ആയി വികസിപ്പിക്കുന്നതാണ് പദ്ധതി. റോഡ് നിർമ്മാണത്തിനും നഷ്ടപരിഹാരത്തിനുമായി 32 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബിഎംബിസി നിവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് .