എംപി ട്രാഫിക്ക് നിയമം ലംഘിച്ചുവെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ വാഹന പരിശോധനയെന്ന് മോട്ടോർ വാഹന വകുപ്പ് …
ഇരിങ്ങാലക്കുട : ട്രാഫിക്ക് നിയമം ലംഘിച്ച് തൃശ്ശൂർ എംപി ഹെവി വാഹനം ഓടിച്ചുവെന്ന പരാതിയിൽ ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തും. സെന്റ് ജോസഫ്സ് കോളേജിന് എംപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നൽകിയ ബസിന്റെ ഉദ്ഘാടന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി വണ്ടി ഓടിച്ചതാണ് വിവാദമായത്. എംപി ക്ക് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മാത്രമേ ഉള്ളൂവെന്ന് കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ് സൈറ്റിൽ നിന്നുള്ള രേഖകൾ സഹിതം ചൂണ്ടിക്കാട്ടി മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷാണ് റൂറൽ പോലീസ് എസ്പി ക്കും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകിയത്. 7500 കിലോ വരെ ഭാരമുള്ള വാഹനങ്ങളാണ് ലൈറ്റ് മോട്ടോർ വിഭാഗത്തിൽ വരുന്നതെന്നും പരാതിക്ക് ഇടയാക്കിയ വാഹനം പരിശോധിച്ച് മാത്രമേ കൂടുതൽ വ്യക്തമാക്കാൻ കഴിയുകയുള്ളൂവെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. എന്നാൽ ആക്ഷേപത്തിന് ഇടയാക്കിയ സ്വരാജ് മസ്ദ ലിമിറ്റഡിന്റെ ഹിറോയ് മോഡലിലുള്ള നാല്പതിനാല് സീറ്റുള്ള ബസിന് 10200 കിലോ ഭാരമാണ് ഉള്ളതെന്നും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ആവശ്യമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.