ഏറ്റെടുത്ത് നടത്താൻ ആളില്ല ; ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ‘ ടേക്ക് ഓഫ്’ നീളുന്നു ….

ഏറ്റെടുത്ത് നടത്താൻ ആളില്ല ; ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ‘ ടേക്ക് ഓഫ്’ നീളുന്നു ….

ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ടേക്ക് ഓഫ് ആയില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം നിർവഹിച്ച നഗരസഭയുടെ പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്തുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനാണ് ഈ ദുർവിധി. മന്ത്രിയുടെ സൗകര്യം നോക്കി ആദ്യം ഒക്ടോബർ ആറിനാണ് ആദ്യം ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മന്ത്രിക്ക് എത്തിച്ചേരാൻ കഴിയാഞ്ഞതിനെ തുടർന്ന് ഡിസംബർ നാലിലേക്ക് ഉദ്ഘാടനം മാറ്റുകയായിരുന്നു. എന്നാൽ നഗരസഭ നിശ്ചയിച്ച ലേല തുകയിൽ വിശ്രമ കേന്ദ്രം എറ്റെടുത്ത് നടത്താൻ ആരും മുന്നോട്ട് വരാൻ തയ്യാറാകാത്ത സാഹചര്യത്തിൽ വിശ്രമ കേന്ദ്രം പ്രവർത്തനക്ഷമമാക്കാൻ നഗരസഭ ഭരണകൂടത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. വഴിയോരങ്ങളിൽ പൊതു ടോയ്ലറ്റുകൾ അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട ഠാണാവിൽ നഗരസഭ അധികൃതർ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത് . സംസ്ഥാന പാതയുടെ അരികിൽ ആയത് കൊണ്ട് ദൂര യാത്രക്കാർക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു നിർമ്മാണം . രണ്ട് നിലകളിൽ ആയിട്ടുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ സ്ത്രീകൾക്കായി മൂന്ന് ടോയ്ലറ്റുകളും ബാത്ത്റൂമും ഫീഡിംഗ് മുറിയും കഫറ്റേരിയയും മുകളിൽ പുരുഷൻമാർക്ക് നാല് ടോയ്ലറ്റുകളും വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചിരിക്കുന്നത്. നടത്തിപ്പിനായി ഒരു വർഷത്തേക്ക് പത്തര ലക്ഷം രൂപ വാടക നിശ്ചിയിച്ച് ലേലം നടത്തിയെങ്കിലും ആരും എറ്റെടുത്തില്ല. ആദ്യ ലേലത്തിൽ പത്തിൽ അധികം പേർ എത്തിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പുനർലേലത്തിൽ ആരും തന്നെ എത്തിയില്ല. ആരും എറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ നഗരസഭ തന്നെ നടത്തുമെന്നും ഇത് സംബന്ധിച്ച് കൗൺസിൽ തീരുമാനിക്കുമെന്നാണ് നഗരസഭ അധികൃതർ നല്കുന്ന വിശദീകരണം. നഗരസഭ നിശ്ചയിച്ചിരിക്കുന്ന ഒരു വർഷത്തെ വാടക പ്രായോഗികമായ നിരക്കില്ലെന്നും കുറയ്ക്കണമെന്നും കഴിഞ്ഞ നഗരസഭ യോഗത്തിൽ ബിജെപി കൗൺസിലർ സന്തോഷ് ബോബൻ ആവശ്യപ്പെട്ടിരുന്നു.

Please follow and like us: