മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നുവെന്നും കേരളത്തിലെ സാഹചര്യങ്ങൾ ഭേദമെന്നും ശശി തരൂർ എംപി ; കേരളത്തിലെ എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും തീരുമാനിക്കാൻ സമയമുണ്ടെന്നും മുൻ കേന്ദ്രമന്ത്രി …

മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നുവെന്നും കേരളത്തിലെ സാഹചര്യങ്ങൾ ഭേദമെന്നും ശശി തരൂർ എംപി ; കേരളത്തിലെ എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും തീരുമാനിക്കാൻ സമയമുണ്ടെന്നും മുൻ കേന്ദ്രമന്ത്രി …

 

ഇരിങ്ങാലക്കുട : മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പ്രവണതകൾ രാജ്യത്ത് ശക്തിപ്പെടുകയാണെന്നും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് രൂപമെടുക്കുന്നതെന്നും മുൻ കേന്ദ്ര മന്ത്രി ഡോ. ശശി തരൂർ എംപി . ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തിൽ അത്ര മോശമല്ല കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. നീഡ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോഷങ്ങൾ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി . തന്റെ മുസ്ലീം സുഹൃത്തുക്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ദുഖമുണ്ട്. സ്വന്തം സ്വത്വം വെളിപ്പെടുത്താൻ അവർ ഭയക്കുകയാണ്. ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുള്ള അക്രമണങ്ങളും വർധിച്ച് വരികയാണ്. ഗാന്ധിജിയുടെ പ്രതിമ മാറ്റി ഗോഡ്സേയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട രണ്ട് ഭരണകക്ഷി എംപിമാർക്ക് എതിരെ യാതൊരു നടപടിയുമുണ്ടായില്ല. എന്നാൽ വ്യത്യസ്ത സമുദായങ്ങൾ ഒന്നിച്ചാണ് എന്ന സന്ദേശമാണ് കേരളം ഉത്തരേന്ത്യക്ക് നൽകുന്നത്. ഉത്തരന്ത്യയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ല.

കേരളത്തിന്റെ യുവാക്കൾ നാട് വിടുന്ന അവസ്ഥയിലും കേരളം വൃദ്ധ സദനമായി മാറുന്ന അവസ്ഥയിലും ആശങ്കയുണ്ടെന്ന് കോളേജ് വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി കോൺഗ്രസ്സ് നേതാവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങളും വ്യവസായികളുമായി സമ്പർക്കമുണ്ടാക്കാനുള്ള അവസരങ്ങളും യുവതലമുറക്ക് ഉണ്ടാക്കണമെന്നും കൂടുതൽ നിക്ഷേപ സൗഹ്യദ സംസ്ഥാനമായി കേരളം മാറണ്ടേതുണ്ടെന്നും വിദേശ സർവകലാശാലകളുടെ വരവിനെ സ്വാഗതം ചെയ്യുകയാണെന്നും 2010 ൽ ഈ നിർദ്ദേശം മുന്നോട്ട് വച്ചപ്പോൾ ബിജെപി എതിർപ്പിനെ തുടർന്ന് നടന്നില്ലെന്നും ഡോ ശശി തരൂർ പറഞ്ഞു.

കേരളത്തിലെ എംപി മാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തീരുമാനിക്കാൻ ഒരു വർഷത്തെ സമയമുണ്ടെന്നും തനിക്ക് കേരളത്തിൽ നേരത്തെ തന്നെ സ്വീകാര്യതയുണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

നീഡ്സ് പ്രസിഡണ്ടും മുൻ ഗവ ചീഫ് വിപ്പുമായ അഡ്വ തോമസ് ഉണ്ണിയാടൻ അധ്യക്ഷനായിരുന്നു. നീഡ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ ആർ ജയറാം , ഡോ എസ് ശ്രീകുമാർ , എം എൻ തമ്പാൻ, കെ പി ദേവദാസ് , അഡ്വ ബോസ് കുമാർ ,കെ കെ മുഹമ്മദ് അലി , സി എസ് അബ്ദുൽ ഹഖ്, പി ടി ജോർജ്ജ് എന്നിവർ പങ്കെടുത്തു. പ്ലാനിംഗ് സെക്രട്ടറി ബോബി ജോസ് സ്വാഗതവും സെക്രട്ടറി എൻ എ ഗുലാം മുഹമ്മദ് നന്ദിയും പറഞ്ഞു.

Please follow and like us: