ഇരിങ്ങാലക്കുട നഗരസഭതല ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി യോഗം ഒരു വർഷമായി വിളിച്ച് ചേർക്കാത്തതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് കമ്മിറ്റി യോഗത്തിൽ വിമർശനം ; ത്യപ്രയാർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയത്തിൽ ഇനിയും തീരുമാനമായില്ല …

ഇരിങ്ങാലക്കുട നഗരസഭതല ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി യോഗം ഒരു വർഷമായി വിളിച്ച് ചേർക്കാത്തതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് കമ്മിറ്റി യോഗത്തിൽ വിമർശനം ; ത്യപ്രയാർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയത്തിൽ ഇനിയും തീരുമാനമായില്ല …

ഇരിങ്ങാലക്കുട : നഗരസഭ തലത്തിലുള്ള ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി യോഗം ഒരു വർഷമായി വിളിച്ച് ചേർക്കാത്തതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. പട്ടണത്തിലെ ഗതാഗത തിരക്ക് ഒഴിവാക്കാനും വിവിധ റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിത വേഗത ഉൾപ്പെടെയുളള വിഷയങ്ങൾ ചർച്ച ചെയ്യാനും ട്രാഫിക്ക് കമ്മിറ്റി യോഗം വിളിച്ച് ചേർക്കണമെന്ന് മുസ്ലീം ലീഗ് പ്രതിനിധി കെ എ റിയാസുദ്ദീൻ യോഗത്തിൽ ആവശ്യപ്പെട്ടു. വിവിധ റോഡുകളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവരുടെ പേരിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും യോഗത്തിൽ നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി വിശദീകരിച്ചു.
കാട്ടൂർ ,ത്യപ്രയാർ , മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ഠാണാവിൽ സർവീസ് നടത്താതെ ബസ് സ്റ്റാന്റിൽ ട്രിപ്പ് അവസാനിക്കുന്ന വിഷയത്തിൽ ഇനിയും തീരുമാനമായില്ല. ഠാണാവിലേക്കും സർവീസ് നടത്തണമെങ്കിൽ അധിക സമയം വേണ്ടി വരുമെന്നും ഇത് സംബന്ധിച്ച് ബസ്സ് ഉടമകളോട് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ആർടിഒ നിയോഗിച്ച പ്രത്യേക കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നതെന്നും താലൂക്ക് യോഗത്തിൽ ജോയിന്റ് ആർടിഒ അറിയിച്ചു. കഴിഞ്ഞ 17 വർഷങ്ങളായി വിഷയം താലൂക്ക് വികസന സമിതിയുടെ മുമ്പിൽ എത്തുന്നുണ്ടെന്നും എന്നാൽ പരിഹാരം ഇല്ലാതെ തുടരുകയാണെന്നും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് നീട്ടി കൊണ്ട് പോവുകയാണെന്നും കോൺഗ്രസ്സ് പ്രതിനിധി ആന്റോ പെരുമ്പിള്ളി ചൂണ്ടിക്കാട്ടി.
ഡിസംബർ മാസത്തിൽ പുതിയ റേഷൻ കാർഡുകൾക്കായി ലഭിച്ച 125 ഉം കൊടുത്ത് കഴിഞ്ഞതായും അനർഹരിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ പിഴ ഈടാക്കിയതായും അനർഹരെ കണ്ടെത്താനുള്ള സപ്ലൈ വകുപ്പിന്റെയും റേഷൻ ഇൻസ്പെക്ടർമാരുടെയും പരിശോധനകൾ ഓപ്പറേഷൻ യെല്ലോ എന്ന പേരിൽ തുടരുന്നുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
മുരിയാട് ധ്യാന കേന്ദ്രത്തിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപണമുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ മുരിയാട് പഞ്ചായത്ത് സർക്കാരിനോട് ആവശ്യപ്പെടമെന്നും റിയാസുദ്ദീൻ യോഗത്തിൽ ആവശ്യമുന്നയിച്ചു. എന്നാൽ ക്രമസമാധാനം ഉറപ്പു വരുത്തേണ്ടത് പോലീസാണെന്നും പഞ്ചായത്തിനെ അനാവശ്യമായി ചർച്ചയിലേക്ക് കൊണ്ട് വരരുതെന്നും വികസന സമിതി രാഷ്ട്രീയം പറയാനുള്ള വേദിയല്ലെന്നും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പറഞ്ഞു. വിഷയം സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് നല്കിയിരുന്നുവെന്നും കളക്ടറുടെ നിർദ്ദേശമനുസരിച്ച് ആർഡിഒ പ്രശ്നപരിഹാരത്തിനായി യോഗം വിളിച്ചിട്ടുണ്ടെന്നും ചർച്ചയിൽ ഇടപെട്ട് കൊണ്ട് തഹസിൽദാർ കെ ശാന്തകുമാരി അറിയിച്ചു.
സാമൂഹ്യക്ഷേമ പെൻഷനുകൾക്കായുള്ള വരുമാന സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നും എല്ലാ പഞ്ചായത്തുകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും തഹസിൽദാർ ആവശ്യപ്പെട്ടു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥർ പഞ്ചായത്തുകളെ യഥാസമയം അറിയിക്കണമെന്ന് പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി യോഗത്തിൽ ആവശ്യപ്പെട്ടു.
കാറളം പഞ്ചായത്തിൽ വെള്ളാനി – നന്തി റൂട്ടിലും ചെമ്മണ്ടയിലേക്കും സ്വകാര്യ ബസ്സുകൾ കുറവാണെന്നും വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ യാത്രാ ക്ലേശം നേരിടുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് ചൂണ്ടിക്കാട്ടി. ട്രിപ്പുകൾ മുടക്കുന്ന സാഹചര്യമുണ്ടെങ്കിൽ അന്വേഷിച്ച് നടപടി എടുക്കാമെന്ന് വകുപ്പ് ആർ ടി ഒ അറിയിച്ചു.
യോഗത്തിൽ നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.

Please follow and like us: