മുരിയാട് സിയോണ്‍ ധ്യാന കേന്ദ്ര പരിസരത്ത് വീണ്ടും സംഘർഷം; യുവാവിന് നേരെ അക്രമണം; അക്രമം നടത്തിയത് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം ; ജാഗ്രതയോടെ പോലീസ്; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കാൻ ആർഡിഒ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനം …

മുരിയാട് സിയോണ്‍ ധ്യാന കേന്ദ്ര പരിസരത്ത് വീണ്ടും സംഘർഷം; യുവാവിന് നേരെ അക്രമണം;
അക്രമം നടത്തിയത് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം ; ജാഗ്രതയോടെ പോലീസ്; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കാൻ ആർഡിഒ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനം …

ഇരിങ്ങാലക്കുട: മുരിയാട് സിയോണ്‍ ധ്യാന കേന്ദ്ര പരിസരത്ത് വീണ്ടും സംഘർഷം.ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. മുരിയാട് സ്വദേശി പരിപ്പില്‍ ഈറ്റത്തോട്ട് വീട്ടില്‍ വിപിന്‍ സണ്ണി(27) യാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മർദ്ദനത്തില്‍ പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ മുരിയാട് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ഷാജിയുടെ ബന്ധുകൂടിയാണ് വിപിന്‍. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തങ്ങൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്ലാത്തോട്ടത്തിൽ ഷാജിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പതിനൊന്ന് മണിയോടെ അഞ്ഞൂറോളം പേരാണ് ഷാജിയുടെ വീട്ടിലേക്ക് എത്തിയത്. ഇതിനിടയിലാണ് ഷാജിയുടെ വീട്ടിലേക്ക് വന്ന വിപിന് മർദ്ദനമേറ്റത്. സമീപ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസ് സന്നാഹം എത്തി മണിക്കൂറുകളോളം നീണ്ട ശ്രമത്തിനെടുവിലാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെയും കുടുംബത്തേയും കഴിഞ്ഞ ദിവസം തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ 59 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ സ്ത്രീകളായ 11 പേരെ ആളൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. മുരിയാട് പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമായി തുടരുകയാണ്.

അതേ സമയം വിഷയത്തിന്റെ ശാശ്വത പരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കാൻ ഇരിങ്ങാലക്കുട ആർഡിഒ യുടെ ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. മേഖലയിൽ ക്രമസമാധാനം ഉറപ്പു വരുത്താനുള്ള പോലീസിന്റെ നടപടികളുമായി ഇരു വിഭാഗങ്ങളും സഹകരിക്കാമെന്ന് അറിയിച്ചിട്ടുള്ളതായി ആർഡിഒ എം കെ ഷാജി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, അംഗങ്ങളായ സരിത സുഭാഷ്, കെ യു വിജയൻ , തഹസിൽദാർ കെ ശാന്തകുമാരി , വില്ലേജ് ഓഫീസർ എം ജി ജയശ്രീ , ആളൂർ സി ഐ സുബിൻ , സിയോൺ ധ്യാന കേന്ദ്രത്തിന്റെ പ്രതിനിധികളായ ഡയസ് അച്ചാണ്ടി , ആന്റോ വർഗ്ഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Please follow and like us: