മുരിയാട് പഞ്ചായത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒൻപത് പേർക്ക് പരിക്ക് …

മുരിയാട് പഞ്ചായത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒൻപത് പേർക്ക് പരിക്ക് …

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുളള സംഘർഷത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെ മുരിയാട് കപ്പാറക്കടവ് പരിസരത്ത് വച്ചായിരുന്നു സംഭവം. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തിൽ വീട്ടിൽ ഷാജി (56) , മക്കളായ സാജൻ ( 26 ), ഷാരോൺ ( 13 ) , സാജന്റെ ഭാര്യ ആഷ്ലീൻ (21), ബന്ധുക്കളായ ഊട്ടി സ്വദേശികളായ മാറാട്ടുകളത്തിൽ എഡ് വിൻ (19), അൻവിൻ (14) എന്നിവരെ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. മുരിയാടുള്ള സീയോൺ ധ്യാന കേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ച് പോന്ന തന്നെയും കുടുംബത്തെയും കള്ളകേസുകൾ നല്കി പീഡിപ്പിക്കുകയാണെന്നും കാറിൽ വരികയായിരുന്ന തന്നെയും കുടുംബത്തെയും സ്ത്രീകൾ അടങ്ങുന്ന അമ്പതോളം പേർ വരുന്ന സംഘം ക്രൂരമായി മർദ്ദിച്ചുവെന്നും കാറിന്റെ ഗ്ലാസ്സ് അടിച്ച് തകർത്തുവെന്നും താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ സാജൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് നേരെ അക്രമണമുണ്ടാകുമെന്ന സൂചനയിൽ നേരത്തെ ധ്യാന കേന്ദ്രത്തിൽ നിന്ന് ഫോൺ വന്നിരുന്നതായും സാജൻ പറഞ്ഞു. എന്നാൽ തങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാജൻ പ്രചരിപ്പിച്ചുവെന്നും ചോദിക്കാൻ ചെന്ന തങ്ങളെ മർദ്ദിച്ചുവെന്നും താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ മുരിയാട് പുളിക്കക്കുന്നിൽ ബിനു (40) , മകൾ എഞ്ചൽ , മുരിയാട് വഞ്ചിപ്പുരക്കൽ അലന ( 24 ) എന്നിവർ പറഞ്ഞു. ബിനു, മകൾ എഞ്ചൽ എന്നിവരെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആളൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Please follow and like us: