ചികിത്സക്കെത്തിയ വയോധികയെ തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തിയ യുവതി പിടിയിൽ;പിടികൂടിയത് മറ്റൊരു മോഷണത്തിന് ശ്രമിക്കവേ നാട്ടുകാർ തടഞ്ഞു വച്ചതിനെതുടർന്ന് …
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കണ്ണിന്റെ പരിശോധനയ്ക്കും മറ്റു മായെത്തിയ മുരിങ്ങൂർ സ്വദേശിയായ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കനകമല സ്വദേശിനിയും മുംബെയിൽ താമസക്കാരിയുമായ മടത്തിക്കാടൻ വീട്ടിൽ ഷീബ എന്ന ശിൽപയെ (40 വയസ്) നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് മുരിങ്ങൂർ സ്വദേശിയായ വയോധിക ചികിത്സാർത്ഥം ചാലക്കുടി താലൂക്കാശുപത്രിയിലെത്തിയത്. എക്സ്റേ എടുക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് എക്സ്റേ എടുക്കുന്ന സ്ഥലത്തെത്തിയ വൃദ്ധയെ ആശുപത്രി ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി അടുത്തു കൂടിയ യുവതി എക്സ്റേ എടുക്കുമ്പോൾ ആഭരണങ്ങളൊന്നും പാടില്ലെന്ന് പറഞ്ഞ് അഞ്ചു പവനോളം ആ ഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു. വൃദ്ധയോട് കാത്തിരിക്കാൻ പറഞ്ഞ് സമീപത്തു നിന്നും സൂത്രത്തിൽ മാറിയ യുവതി പിന്നീട് അപ്രത്യക്ഷയായി. ഏറെ സമയം കഴിഞ്ഞും യുവതിയെ കാണാതായതോടെ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന വിവരം മനസിലായത്. ആശുപത്രിയിൽ നിന്നു വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി പോലീസ് സംഘം സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രസ്തുത യുവതിയെ കണ്ടെത്തിയെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കുറവായതിനാൽ ആളെ തിരിച്ചറിയാനായില്ല. ഇതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. മോഷ്ടാവായ യുവതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയായിരുന്നു. ലഭിച്ച ദൃശ്യങ്ങളെ പിൻതുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി വരവേ ഇന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ വൃദ്ധയെ കബളിപ്പിച്ച് മോഷണത്തിന് ശ്രമിച്ച ഒരു യുവതിയെ നാട്ടുകാർ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ കൊടകര പോലീസും പ്രത്യേകാന്വേഷണ സംഘവും ചാലക്കുടിയിൽ മോഷണം നടത്തിയ ആളെ തന്നെയാണ് തടഞ്ഞു വച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം ഒന്നു മറിയാത്ത പോലെ പെരുമാറിയെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇവർ മോഷ്ടിച്ചെടുത്ത ആഭരണങ്ങളിൽ ചിലത് കണ്ടെടുത്തു.
പിടിയിലായ യുവതിയെ വൈദ്യ പരിശോധനയടക്കമുള്ള തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.