കല്ലംകുന്ന് ഓയിൽ മില്ലിലെ തീപ്പിടുത്തം; കത്തിയമർന്നത് കോടികൾ ..
ഇരിങ്ങാലക്കുട : മണിക്കൂറുകൾ നീണ്ട തീപ്പിടുത്തത്തിൽ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ കത്തിയമർന്നത് കോടികൾ . നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് പതുക്കെ നടന്നടുക്കുന്ന ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ബാങ്കിന് കനത്ത തിരിച്ചടിയാണ് പുതുവൽസരദിനത്തിൽ മില്ലിൽ ഉണ്ടായ അപകടം വരുത്തി വച്ചിരിക്കുന്നത്. മൂന്ന് എക്സ്പല്ലറുകൾ, രണ്ട് ഫിൽട്രേഷൻ യൂണിറ്റുകൾ, മൈക്രോ ഫിൽറ്റർ , കട്ടർ, റോസ്റ്റർ ,രണ്ട് കൺവെയർ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും പ്ലാന്റ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ മൂന്ന് കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതർ സൂചിപ്പിക്കുന്നത്. അറുപത് സെന്റ് സ്ഥലത്താണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിനും മേൽക്കൂരകൾക്കും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പതിനായിരം കിലോ പിണ്ണാക്ക് കഴിഞ്ഞ ദിവസം പ്ലാന്റിൽ നിന്ന് കയറ്റി വിട്ടിരുന്നു. എന്നാൽ എഴ് ടൺ വെളിച്ചെണ്ണയും അഞ്ച് ടൺ കൊപ്രയും പ്ലാന്റിൽ ഉണ്ടായിരുന്നു. ഈയിനത്തിലും ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രവർത്തനം ആരംഭിച്ച് 50 വർഷം പിന്നിട്ട ബാങ്കിന്റെ കീഴിൽ 1998 ലാണ് നാളികേര സംഭരണം ആരംഭിച്ചത്. 2003 ൽ വെളിച്ചെണ്ണ ഉൽപ്പാദനവും തുടങ്ങി. പ്രതിദിനം രണ്ടായിരം കിലോ വെളിച്ചെണ്ണയാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. കല്പശ്രീ എന്ന ബ്രാന്റ് നാമത്തിൽ ഇറക്കുന്ന വെളിച്ചെണ്ണയുടെ വിപണി പ്രധാനമായും തൃശ്ശൂർ ജില്ല തന്നെയാണ്. സപ്ലൈകോ , മാർക്കറ്റ് ഫെഡ് എന്നീ സ്ഥാപനങ്ങൾക്കും ഗുണനിലവാരത്തിൽ മുന്നിലുള്ള കല്പശ്രീ വെളിച്ചെണ്ണ നൽകുന്നുണ്ട്. വേളൂക്കര പഞ്ചായത്തിന്റെ 1, 2, 3, 4 ,17 18 വാർഡുകൾ പ്രവർത്തന പരിധിയായിട്ടുള്ള ബാങ്കിൽ നിലവിൽ എണ്ണായിരത്തിൽ അധികം മെമ്പർമാരുണ്ട്. പി എൻ ലക്ഷ്മണൻ പ്രസിഡണ്ടായുള്ള ഭരണ സമിതിയാണ് ബാങ്ക് ഭരണം നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഉച്ചയോടെ സ്ഥലം സന്ദർശിച്ചു.